
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷം. ആശയക്കുഴപ്പം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കര്‍ണ്ണാടകയിലെ തര്‍ക്കം ഹൈക്കമാന്‍ഡിന് മുന്നില്‍. രണ്ടര വര്‍ഷമെന്ന ടേം വ്യവസ്ഥ സിദ്ധരാമയ്യ തള്ളിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഒരാഴ്ച മുന്‍പ കേസര ഒഴിയുമെന്നായിരുന്നു 2023 മെയ് 20ന് അധികാരത്തിലേറുന്ന വേളയില്‍ സിദ്ധരാമയ്യ വ്യക്തമാക്കിയത്. രണ്ടരവര്‍ഷമായ നവംബര്‍ 20 കഴിഞ്ഞിട്ടും കുലുക്കമില്ലാതായതോടെയാണ് തന്‍റെ പക്ഷത്തുള്ള 10 എംഎല്‍എമാരെ ദില്ലിക്കയച്ച് ഡി കെ ശിവകുമാര്‍ കരുക്കള്‍ നീക്കിയത്. കൂടുതല്‍ എംഎല്‍എമാര്‍ ഡി കെ പക്ഷത്തോട് അടുക്കുകയുമാണ്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇരുനേതാക്കളെയും കണ്ടിരുന്നു. പിന്നാലെയാണ് പാര്‍ട്ടി നേതൃത്വം നിലപാട് പറയണമെന്ന് സിദ്ധരാമയ്യ കടുപ്പിക്കുന്നതും ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് ഖര്‍ഗെ വ്യക്തമാക്കിയതും.
പദവിയില്‍ സിദ്ധരാമയ്യ കടിച്ച് തൂങ്ങുന്നതിനോട് രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ട്. നേതൃമാറ്റത്തില്‍ ശിവകുമാറിന് അനുകൂല നീക്കം ഹൈക്കമാന്‍ഡില്‍ നിന്നുണ്ടാകുമെന്നാണ് സൂചന. ഇനിയും അവഗണിച്ചാല്‍ ശിവകുമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ജനകീയനായ സിദ്ധരാമയ്യയെ പിണക്കാതെ തീരുമാനമെടുക്കണമെന്നതും ഹൈക്കമാന്‍ഡിന് വെല്ലുവിളിയാണ്.