ഉമര്‍ ഫൈസി മുക്കം എടുക്കാത്ത നാണയമാണെന്ന് സമസ്ത പോഷക ഘടകമായ സുന്നി മഹല്ല് ഫെ‍ഡറേഷന്‍റെ വൈസ് പ്രസിഡണ്ട് മായിന്‍ ഹാജി. വായയില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ഉമര്‍ ഫൈസിയുടെ കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും മായിന്‍ ഹാജി 

കോഴിക്കോട്: പാണക്കാട് കുടുംബത്തെ വിമര്‍ശിച്ച സമസ്ത കേന്ദ്ര മുഷാവറ അംഗം ഉമര്‍ ഫൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍. ഉമര്‍ ഫൈസി മുക്കം എടുക്കാത്ത നാണയമാണെന്ന് സമസ്ത പോഷക ഘടകമായ സുന്നി മഹല്ല് ഫെ‍ഡറേഷന്‍റെ വൈസ് പ്രസിഡണ്ട് മായിന്‍ ഹാജി പറഞ്ഞു. വായയില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ഉമര്‍ ഫൈസിയുടെ കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും മായിന്‍ ഹാജി പറഞ്ഞു. ഉമര്‍ ഫൈസിയുടെ നിലപാടുകളെ തള്ളി എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും രംഗത്തെത്തി.

പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശത്തിൽ മുക്കം ഉമർ ഫൈസിയെ സമസ്ത നേതാക്കൾ ശാസിച്ചിരുന്നു. പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണം അല്ലാത്തതാണെന്നും പറഞ്ഞത് അപമര്യാദയാണെന്നും മുതിർന്ന മുശാവറ അംഗങ്ങൾ പറഞ്ഞു. സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ എന്നീ നേതാക്കളാണ് നേരത്തെ ഉമർ ഫൈസിയെ ശാസിച്ചത്. മോശം പരാമർശങ്ങൾക്ക് പരിഹാരം ചെയ്യണമെന്നും മേലിൽ ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും താക്കീത് നൽകി.

അതേസമയം, പാണക്കാട് തങ്ങൾമാർക്കുണ്ടായ പ്രയാസത്തിൽ സമസ്ത ദുഃഖം രേഖപ്പെടുത്തി. പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നും ബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല. വഴി പിഴച്ച് പോയവരെ പരിഗണിക്കാനാകില്ല. സമസ്ത വിലക്കിയവരുമായുള്ള കൂട്ടുകെട്ട് പാടില്ലെന്നുമാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. ഇത് വിവാദമായതോടെയാണ് മുക്കം ഉമർ ഫൈസിയെ നേതാക്കൾ ശാസിച്ചത്.

YouTube video player