എന്‍പിആര്‍ വിവാദം: മഞ്ചേരി നഗരസഭയോട് കളക്ടര്‍ വിശദീകരണം തേടി

By Web TeamFirst Published Jan 28, 2020, 12:40 PM IST
Highlights

എന്‍പിആര്‍ നടപടികൾക്ക് അധ്യാപകരെ വിട്ട് നൽകണമെന്ന മഞ്ചേരി നഗരസഭയുടെ കത്തിൽ വിശദീകരണമാവശ്യപ്പെട്ട് കളക്ടർ സെക്രട്ടറിക്ക് നോട്ടീസ് നൽകി.

മലപ്പുറം: എന്‍പിആര്‍ നടപടികൾക്ക് അധ്യാപകരെ വിട്ട് നൽകണമെന്ന മഞ്ചേരി നഗരസഭയുടെ കത്തിൽ വിശദീകരണമാവശ്യപ്പെട്ട് കളക്ടർ സെക്രട്ടറിക്ക് നോട്ടീസ് നൽകി. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.  അതിനിടെ സംസ്ഥാന സർക്കാരിന്റെ തീരുമാനം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫും സംസ്ഥാന സർക്കാരിന്‍റേത് ഇരട്ടത്താപ്പാണെന്ന് കാണിച്ച് യുഡിഎഫും നഗരസഭയിലേക്ക് മാർച്ച് നടത്തി. 

എന്‍പിആര്‍ വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നായിരുന്നു നഗരസഭയുടെ കത്തിലെ ആവശ്യം. നഗരത്തിലെ 15 സ്കൂളുകളിലെ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമാണ് കത്ത് നൽകിയത്. കേന്ദ്ര സെൻസസ് ഡയറക്റ്റേറിൽ നിന്ന് ലഭിച്ച ഉത്തരവിന്റെ പകർപ്പോടെ അയച്ച കത്ത് വിവാദമായി. പിന്നാലെ ഇത്തരം കത്തയക്കാൻ ഒരുദ്യോഗസ്ഥനും നിർദ്ദേശം നൽകിയിട്ടില്ലെന്ന് കാണിച്ച് കളകടർ ഫേസ് ബുക്ക് കുറിപ്പിട്ടു. ഉദ്യോഗസ്ഥ തലത്തിൽ വന്ന പിഴവാണെന്ന് കാണിച്ച് നഗരസഭ കത്ത് പിൻവലിച്ചെങ്കിലും വിശദീകരണം നൽകാനാവശ്യപ്പെട്ടതിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും.

അതേ സമയം സംഭവത്തിന് പിന്നിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ നഗരസഭക്കെതിരെയുള്ള ഗൂഡാലോചനയാണെന്ന് കാണിച്ച് യുഡിഎഫ് രംഗത്തെത്തി. ചെയർപെഴ്സൺ അറിയാതെ നഗരസഭയിൽ നിന്ന് കത്തയക്കില്ലെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനം ലംഘിച്ച ഭരണ സമിതി രാജി വെക്കണമെന്നുമാവശ്യപ്പെട്ട് എല്‍ഡിഎഫ് നഗരസഭയിലേക്ക് മാർച്ച് നടത്തി

click me!