
കോട്ടയം: ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ നഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിപ്പ് ലംഘിച്ചാണ് ചില കൗൺസിലർമാർ പോയത്. യുഡിഫ് നേതൃത്വമാണ് ചെയർപേഴ്സൺ സ്ഥാനം നൽകിയത്. ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ല. അഭിമാനത്തോടെയാണ് ഇറങ്ങുന്നത്. കൗൺസിലർ ആയി തുടരും. പഠനവുമായി മുന്നോട്ട് പോകുമെന്നും ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിയ.
ജനാധിപത്യ വിധിയെ പൂർണമായി സ്വാഗതം ചെയ്യുന്നു. തനിക്കെതിരെ ഉയർന്ന ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതു താൽപര്യത്തിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. ജനപ്രിയ തീരുമാനങ്ങളെക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ശ്രമിച്ചത്. പദവികൾ വരും പോകും. സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ആണ് ശാശ്വതമെന്നും ദിയ ബിനു പുളിക്കകണ്ടം വാർത്താകുറിപ്പിൽ വ്യക്തമാക്കി.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണുന്നുവെന്ന് ബിനു പുളിക്കകണ്ടം പ്രതികരിച്ചു. ദിയ യുഡിഎഫ് ചെയർപേഴ്സൺ ആയിരുന്നു. യുഡിഎഫ് നേതൃത്വം ആണ് നിർദ്ദേശങ്ങൾ നൽകിയത്. യുഡിഎഫ് നേതൃത്വം ഇന്ന് കൗൺസിൽ യോഗത്തിൽ പോകണ്ട എന്നാണ് പറഞ്ഞത്. കോൺഗ്രസ് നേതൃത്വം വിപ് കൊടുത്തിരുന്നു. കോൺഗ്രസ് സംഘടന നടപടി സ്വീകരിക്കും എന്നാണ് വിശ്വസിക്കുന്നതെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.
പാലായിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയ ദിനു ബിനു പുളിക്കകണ്ടം പുറത്തായി. നഗരസഭയിൽ അവിശ്വാസം പാസായതോടെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്ത്.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് അനുസരിച്ചില്ല. അതേസമയം, ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും വിപ്പ് ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ കോൺഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam