എംബിഎ പഠനത്തിനൊരുങ്ങവേ തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക്; രാജ്യത്തെ പ്രായം കുറഞ്ഞ ന​ഗരസഭാധ്യക്ഷ, ആറുമാസത്തിന് ശേഷം ദിയ പുറത്തേക്ക്

Published : Jul 21, 2026, 02:17 PM IST
diya binu pulikkakandam pala

Synopsis

21-ാം വയസ്സിൽ പാലാ ന​ഗരസഭയുടെ അധ്യക്ഷ സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന​ഗരസഭാധ്യക്ഷയെന്ന നേട്ടം. ഒടുവിൽ ആറുമാസത്തെ ഭരണത്തിന് ശേഷം ദിയ ബിനു പുളിക്കകണ്ടം ന​ഗരസഭാ അധ്യക്ഷപദവിയിൽനിന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്.

കോട്ടയം: 21-ാം വയസ്സിൽ പാലാ ന​ഗരസഭയുടെ അധ്യക്ഷ സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന​ഗരസഭാധ്യക്ഷയെന്ന നേട്ടം. ഒടുവിൽ ആറുമാസത്തെ ഭരണത്തിന് ശേഷം ദിയ ബിനു പുളിക്കകണ്ടം ന​ഗരസഭാ അധ്യക്ഷപദവിയിൽനിന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്ത്.

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അന്ന് 21 വയസ്സ് പ്രായമുണ്ടായിരുന്ന ദിയ ബിനു പുളിക്കകണ്ടത്തിന്റെ രാഷ്ട്രീയപ്രവേശം. രണ്ടുപതിറ്റാണ്ടോളം പാലാ ന​ഗരസഭാം​ഗമായ പിതാവ് ബിനു പുളിക്കകണ്ടം, പിതൃസഹോദരൻ ബിജു പുളിക്കകണ്ടം എന്നിവർക്കൊപ്പം 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ദിയയും സ്ഥാനാർഥിയായി. പാലാ ന​ഗരസഭയിലെ 15-ാം വാർഡിലായിരുന്നു ദിയ മത്സരിച്ചത്. ബിനു പുളിക്കകണ്ടം 14-ാം വാർഡിലും ബിജു പുളിക്കകണ്ടം 13-ാം വാർഡിലും ജനവിധി നേടി. ഈ മൂന്ന് വാർഡുകളിലും സ്ഥാനാർഥികളെ നിർത്താതെ യുഡിഎഫ് പുളിക്കകണ്ടം കുടുംബാം​ഗങ്ങളുടെ സ്വതന്ത്ര കൂട്ടായ്മയ്ക്ക് പിന്തുണയും നൽകി.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയ ദിയ, എംബിഎ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. പിതാവ് ബിനു പുളിക്കകണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാർഡിൽ ദിയ മികച്ച ഭൂരിപക്ഷത്തിന് വിജയിക്കുകയുംചെയ്തു.

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 26 അം​ഗ പാലാ ന​ഗരസഭയിൽ എൽഡിഎഫിന് 11 സീറ്റും യുഡിഎഫിന് 10 സീറ്റും ലഭിച്ചു. ഇതിന് പുറമേ പുളിക്കകണ്ടം കുടുംബത്തിലെ മൂന്നുപേരും കോൺ​ഗ്രസ് വിമതയായ സ്വതന്ത്രയായി മത്സരിച്ച മായാ രാഹുലും മറ്റൊരു സ്ഥാനാർഥിയും വിജയിച്ചു.

തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് പുളിക്കകണ്ടം കുടുംബത്തിന്റെ തീരുമാനം നിർണായകമായത്. നേരത്തേ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ട ബിനു പുളിക്കകണ്ടം സ്വാഭാവികമായും യുഡിഎഫുമായി കൈകോർത്തു. ബിനു പുളിക്കകണ്ടം മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം യുഡിഎഫ് അം​ഗീകരിച്ചു. അങ്ങനെ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണയിൽ പാലാ ന​ഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഇതിനൊപ്പം വിമതയായ മായ രാഹുലും തിരികെ യുഡിഎഫിനൊപ്പമെത്തി. ഇതോടെ 1985-ന് ശേഷം ആദ്യമായി കേരള കോൺ​ഗ്രസ് എമ്മിന്റെ പൊന്നാപുരംകോട്ടയെന്ന് വിശേഷിപ്പിക്കുന്ന പാലാ ന​​ഗരസഭയിൽ അവർ ഭരണത്തിൽനിന്ന് പുറത്തുപോയി.

യുഡിഎഫുമായുള്ള ചർച്ചകളിൽ ദിയ ബിനുവിനെ ആദ്യടേമിൽ ന​ഗരസഭാ അധ്യക്ഷയാക്കണമെന്നായിരുന്നു ബിനു പുളിക്കകണ്ടം യുഡിഎഫിന് മുന്നിൽവെച്ച പ്രധാന ആവശ്യം. ഇത് യുഡിഎഫ് അം​ഗീകരിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന​ഗരസഭാ അധ്യക്ഷയെന്ന നേട്ടവും അന്ന് 21-കാരിയായ ദിയ ബിനുവിന് സ്വന്തമായി. എന്നാൽ, വെറും ആറുമാസം മാത്രം ആ കസേരയിൽ ഇരിക്കാനായിരുന്നു കഴിഞ്ഞ ജനുവരിയിൽ 22-ാം പിറന്നാൾ ആഘോഷിച്ച ദിയ ബിനുവിന്റെ വിധി. കോൺ​ഗ്രസ് അം​ഗങ്ങളും ബിനു പുളിക്കകണ്ടത്തിന്റെ സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള ഭിന്നതകൾ മൂർച്ഛിച്ചു. കോൺ​ഗ്രസ് അം​ഗങ്ങൾ തന്നെ ന​ഗരസഭ അധ്യക്ഷയ്ക്കെതിരേ രം​ഗത്തെത്തി. ഈ അവസരത്തിലാണ് എൽഡിഎഫ് അധ്യക്ഷയ്ക്കെതിരേ അവിശ്വാസം പ്രമേയം കൊണ്ടുവന്നത്. ഒടുവിൽ വിപ്പ് ലംഘിച്ച് ചില കോൺ​ഗ്രസ് അം​ഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ പ്രമേയം പാസാവുകയും ദിയ ബിനു അധ്യക്ഷ കസേരയിൽനിന്ന് തെറിക്കുകയുമായിരുന്നു.

പാലായും ബിനു പുളിക്കകണ്ടവും...

പല പാർട്ടികളിലായി പലവട്ടം പാലാ ന​ഗരസഭാം​ഗമായ ചരിത്രമാണ് ബിനു പുളിക്കകണ്ടത്തിന്റേത്. ആദ്യം കോൺ​ഗ്രസ് അം​ഗമായി ന​ഗരസഭയിലെത്തിയ അദ്ദേഹം പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 2015-ൽ ബിജെപിക്കൊപ്പം ചേർന്ന ബിനു, പാലാ ന​ഗരസഭയിൽ ആദ്യമായി ബിജെപിക്ക് സീറ്റ് നേടിയും ചരിത്രം കുറിച്ചു. അന്ന് സഹോദരനായ ബിജു പുളിക്കകണ്ടമായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായി ബിനുവിന്റെ എതിരാളി. 2020-ൽ ബിനു പുളിക്കകണ്ടം സിപിഎമ്മിലെത്തി. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക അം​ഗമായി. അന്ന് കേരള കോൺ​ഗ്രസ് എം മുന്നണിയിലെത്തിയതിന്റെ ബലത്തിൽ എൽഡിഎഫ് പാലായിൽ ആദ്യമായി ഭരണം പിടിച്ചു. എന്നാൽ, കേരള കോൺ​ഗ്രസ് എം ചെയർമാനായ ജോസ് കെ മാണിയുടെ വിമർശകനായ ബിനു പുളിക്കകണ്ടത്തിന് ഭരണമുന്നണിയിലുണ്ടായിട്ടും ചെയർമാൻ പദവി ലഭിച്ചില്ല. ഇതോടെ ജോസ് കെ മാണിക്കെതിരേ ബിനു പരസ്യമായി തന്നെ രൂക്ഷ വിമർശനമുന്നയിച്ചു. ഇതിനിടെ പാലാ ന​ഗരസഭയിൽ വിവാ​ദമായ എയർപോഡ് മോഷണക്കേസിലും ബിനു പ്രതിയായി. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ബിനു പുളിക്കകണ്ടത്തെ സിപിഎം പുറത്താക്കിയത്. തുടർന്നാണ് 2025-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ബിനു തന്റെ കരുത്ത് കാട്ടിയത്. ഒപ്പം മകളെയും സഹോദരനെയും സ്വതന്ത്രരായി മത്സരിപ്പിച്ച് വിജയിപ്പിക്കുകയുംചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലും ആളിക്കത്തി പ്രതിഷേധം; ലോക്ഭവനിലേക്ക് മാർച്ച്, ട്രെയിൻ തടഞ്ഞും റോഡ് ഉപരോധിച്ചും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കേരളത്തെ മികച്ച ജിസിസി കേന്ദ്രമാക്കുക ലക്ഷ്യമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി; ഇൻഫോപാർക്കും എഎൻഎസ്ആറും തമ്മിൽ ധാരണാപത്രം കൈമാറി