മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ വിശദീകരിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ച് മെറ്റ. കേന്ദ്ര ഐടി മന്ത്രാലയത്തിനും മെറ്റക്കും മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി. പോസ്റ്റുകൾ നീക്കിയതിന് പിന്നിൽ സാങ്കേതിക തകരാർ ആണെന്നാണ് മെറ്റയുടെ വിശദീകരണം. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്തയുടേയും നബിദിന ആശംസകളുടെയും പോസ്റ്റുകൾ നീക്കം ചെയ്തതിലാണ് കത്ത് നല്‍കിയത്. പോസ്റ്റുകള്‍ പുനസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിലെ കാരണം വ്യക്തമാക്കണമെന്നുമാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പോസ്റ്റുകൾ പുനഃസ്ഥാപിച്ച് മെറ്റ വിശദീരണം നല്‍കിയത്.

നേരത്തെ വി ഡി സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതും വിവാദത്തിലായിരുന്നു. മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണ് പോസ്റ്റുകൾ മെറ്റ പിൻവലിച്ചതെന്ന നിലയിൽ അന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ഈ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ആരും ആവശ്യപ്പെട്ടിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും, സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വ്യക്തമാക്കി അന്ന് മെറ്റ തന്നെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ് തടയാൻ എ ഐ ടൂൾ ഉപയോഗിച്ചതിൽ സംഭവിച്ച പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ കാരണമായതെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എ ഐ സോഫ്‌റ്റ് വെയർ അപ്ഗ്രഡേഷൻ്റെ ഭാഗമായുള്ള പിഴവുകളാണ് സംഭവിച്ചതെന്നായിരുന്നു അന്നത്തെ വിശദീകരണം.