
ആലപ്പുഴ: ആലപ്പുഴയിൽ ആംബുലൻസില്ലാത്തതിനാൽ ബൈക്കിൽ കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വ്യത്യസ്ത വിശദീകരണങ്ങളുമായി ജില്ലാ കളക്ടറും ഡിഎംഒയും. കൊവിഡ് രോഗിക്ക് രോഗം മൂർച്ഛിച്ചപ്പോൾ ആരെയും വിളിച്ചറിയിച്ചില്ലെന്ന് ഡിഎംഒ അനിത കുമാരി വിശദീകരിച്ചപ്പോൾ, പഞ്ചായത്ത് അധികൃതരെ വിളിച്ചുവെന്നും ആംബുലൻസ് എത്തുന്നതിന് മുമ്പ് രോഗിയെ മാറ്റുകയായിരുന്നുവെന്നുമായിരുന്നു ജില്ലാകളക്ടർ അലക്സാണ്ടറിന്റെ വിശദീകരണം.
എല്ലാ വിധ സൌകര്യങ്ങളും പുന്നപ്രയിലെ രോഗികളെ പാർപ്പിക്കുന്നിടത്ത് ഒരുക്കിയിട്ടുണ്ടായിരുന്നുവെന്നും കൊവിഡ് രോഗികളെ പാർപ്പിക്കുന്ന ടൌൺ ഹാളിലടക്കം രോഗികൾ നിറഞ്ഞതിനെ തുടർന്നാണ് ലക്ഷണങ്ങൾ കുറവുള്ള രോഗം മൂർച്ഛിക്കാത്ത രോഗികളെ ഇവിടേക്ക് മാറ്റിയതെന്നുമാണ് ജില്ലാ കളക്ടർ എം അലക്സാണ്ടർ പ്രതികരിച്ചത്. രാവിലെ രോഗിക്ക് അസ്വസ്ഥതയുണ്ടായപ്പോൾ പഞ്ചായത്ത് അധികൃതരെ വിളിച്ചുവെന്നും ആംബുലൻസ് എത്തുന്നതിന് തൊട്ട് മുമ്പ് രോഗിയെ ബൈക്കിൽ സന്നദ്ധ പ്രവർത്തകർ മാറ്റുകയായിരുന്നുവെന്നും ജില്ലാകളക്ടർ പറഞ്ഞു.
എന്നാൽ അധികൃതരെ ആരെയും വിളിച്ചറിയിച്ചില്ലെന്നാണ് ഡിഎംഒ വിഷയത്തിൽ പ്രതികരിച്ചത്. പുന്നപ്രയിലുള്ളത് സിഎഫ്എൽടിസി അല്ലെന്നും ഡൊമിസിലറി കേയർ സെന്ററാണെന്നും ഡിഎംഒ വിശദീകരിച്ചു. വളണ്ടിയർ മാരും സ്റ്റാഫ് നേഴ്സുമാരുമാണ് ഡൊമിസിലറി കേയർ സെന്ററിലുണ്ടാകൂ എന്നും ഡോക്ടർമാർക്ക് ഇവിടെ മേൽനോട്ട ചുമതല മാത്രമാണുണ്ടാകൂ എന്നും ഡിഎംഒ കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കിൽ, ദൃശ്യങ്ങൾ പുറത്ത്
ഹോം ക്വാറന്റീനിൽ ഇരിക്കാൻ പറ്റുന്ന കൊവിഡ് രോഗികൾക്ക് വീട്ടിൽ സൌകര്യമില്ലെങ്കിൽ താമസിക്കാൻ സൌകര്യമൊരുക്കാൻ മാത്രമാണ് ഡൊമിസിലറി കേയർ സെന്റർ. പഞ്ചായത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് അടക്കമാണ് ഇതിന്റെ ചുമതലയെന്നും ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗിക്ക് അസ്വസ്ഥതയുണ്ടായപ്പോൾ പിഎച്ച്സ്സിയിലെ അധികൃതരെയോ കൺട്രോൾ റൂമിലേക്കോ അറിയിച്ചില്ല. പഞ്ചായത്തുകളിൽ കോൺസെന്ററുകളുമുണ്ട്. എന്നാൽ അവിടേക്കും ആരും അറിയിച്ചില്ല. അത് കൊണ്ടാണ് ഇക്കാര്യം അറിയാതെ പോയതാണെന്നും ഡിഎംഒ പറഞ്ഞു.
ഇന്ന് രാവിലെയാണ് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവമുണ്ടായത്. ഓക്സിജൻ കിട്ടാതെ ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് ബൈക്കിൽ കൊണ്ടുപോയത്. ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ട് പോകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവിടെ ഡോക്ടർമാരും ഇല്ലെന്നും ശുചീകരണത്തിന് എത്തിയവരാണ് രോഗിയെ പിപിഇ കിറ്റ് ധരിച്ച് മറ്റൊരു കൊവിഡ് രോഗിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam