ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. പുന്നപ്രയിലെ ഡൊമിസിലറി കേയർ സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്.

രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ട് പോകുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവിടെ ഡോക്ടർമാരും ഇല്ലെന്നും ശുചീകരണത്തിന് എത്തിയവരാണ് രോഗിയെ പിപിഇ കിറ്റ് ധരിച്ച് മറ്റൊരു കൊവിഡ് രോഗിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഈ സംഭവത്തിന്റെ ദൃക്സാക്ഷിയായ വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പുന്നപ്ര സംഭവം: ആരെയും അറിയിച്ചില്ലെന്ന് ഡിഎംഒ, വിളിച്ചു, ആംബുലൻസ് എത്തും മുമ്പേ മാറ്റിയെന്ന് കളക്ടർ

ദൃശ്യങ്ങളടക്കമുളള വാർത്ത പുറത്ത് വന്നതോടെ സംഭവം അന്വേഷിക്കാൻ ഡിഎംഒയ്ക്ക് കലക്ടർ നിർദേശം നൽകി. ആംബുലൻസ് എത്തുന്നതിനു തൊട്ടു മുൻപ് സന്നദ്ധപ്രവർത്തകർ ചേർന്ന്  രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് കലക്ടർ പ്രതികരിച്ചത്. അത് ഒഴിവാക്കേണ്ടതായിരുന്നു. റോഡിലൂടെ ബൈക്കിലിരുത്തി കൊണ്ടു പോകാൻ പാടില്ലായിരുന്നുവെന്നും കലക്ടർ പറഞ്ഞു.