മരിച്ചവരിലേറെയും പ്രായം കൂടിയവർ, കോഴിക്കോട്ട് റിവേഴ്സ് ക്വാറൻ്റൈൻ ശക്തമാക്കണമെന്ന് ഡിഎംഒ

By Web TeamFirst Published Aug 27, 2020, 9:51 AM IST
Highlights

വീടുകളില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഉണ്ടെങ്കില്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം. 

കോഴിക്കോട്: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും പ്രായം കൂടിയവരായതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ജില്ലയിൽ ഇതു വരെ കൊവിഡ് ബാധിച്ച് മരിച്ച 26 പേരിൽ 22 പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.

വീടുകളില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഉണ്ടെങ്കില്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അവരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതാണ് അനുയോജ്യം. കാന്‍സര്‍ രോഗികള്‍, വൃക്ക,ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവർ എന്നിവരാണ് ജില്ലയില്‍ കൂടുതലായി കൊവിഡ് ബാധയെ തുടർന്ന് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താമരശ്ശേരിയെ ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 55 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗികള്‍ കുറഞ്ഞതിനാല്‍ നാദാപുരവും ചാലിയവും ക്ലസ്റ്ററില്‍ നിന്ന് ഒഴിവായി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം പത്തായി. പത്ത് ക്ലസ്റ്ററുകളിൽ നിന്നായി 462 രോഗികളാണ് നിലവിൽ ചികിൽസയിലുള്ളത്.

കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എലിപ്പനി കേസുകളും അതിനോടനുബന്ധിച്ച മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനി രോഗത്തിനെതിരെ  ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ നടക്കാവ്, പുതിയങ്ങാടി, പുതിയറ, പാളയം പ്രദേശങ്ങളിലും തൂണേരി, ഫറോക്ക് തുടങ്ങിയ പ്രദേശങ്ങളിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.  

ശുചീകരണപ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, പാടങ്ങളിലുംമറ്റും കൃഷി ചെയ്യുന്നവര്‍, മലിനജല സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവരില്‍ രോഗസാധ്യത കൂടുതലാണ്. പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, ഓക്കാനം, കണ്ണിന് ചുവപ്പ് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.  ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന ഗുളിക സൗജന്യമായി ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

click me!