
കണ്ണൂര്‍: ചിലർ മരണത്തിലും നമ്മെ അത്ഭുതപ്പെടുത്തും. അങ്ങനെയൊരു മനുഷ്യനായിരുന്നു കണ്ണൂർ കൊതേരിയിലെ സാമൂഹിക പ്രവർത്തകൻ ബൈജു. മസ്തിഷ്ക മരണം സംഭവിച്ച ബൈജുവിന്റെ കണ്ണുകളും വൃക്കകളും കരളും അഞ്ചുപേർക്കാണ് പുതു ജീവൻ നൽകിയത്.
കണ്ണൂർ വിമാനത്താവളത്തിലെ ഹൗസ്കീപ്പിങ്ങ് തൊഴിലാളിയായിരുന്ന ബൈജുവിന് കഴിഞ്ഞ 22നാണ് മസ്തിഷ്ക മരണം സംഭവിച്ചത്. രക്ത സമ്മർദ്ദം കൂടി വീട്ടിൽ കുഴഞ്ഞുവീണ 37 കാരനെ കൊച്ചി അമൃത ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സിപിഎം അംഗമായ ബൈജു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മരിച്ചാൽ അവയവങ്ങൾ ദാനം ചെയ്യണമെന്ന് നേരത്തെ തന്നെ ബൈജു എഴുതി നൽകിയിരുന്നു.
ബൈജുവിന്റെ കരളും വൃക്കകളും രണ്ട് കണ്ണുകളും അഞ്ച് മനുഷ്യർക്ക് പുതു ജീവിതം നൽകും. മന്ത്രിമാരായ ഇപി ജയരാജൻ കെ കെ ശൈലജ ഉൾപ്പെടെയുള്ള പ്രമുഖർ ബൈജുവിന്റെ കുടുംബത്തിന് സത്കർമ്മത്തെ അനുമോദിച്ചു. വീട്ടുവളപ്പിൽ ബൈജു നട്ടുവളർത്തി നെൽക്കതിരിൽ തലോടുമ്പോൾ പവിത്രൻ തന്‍റെ അനുജനെ തൊടുന്നുണ്ടാകണം. ആറ് ആൺമക്കളിൽ ഏറ്റവും മൂത്തയാൾ പവിത്രനും ഏറ്റവും ഇളയത് ബൈജുവും ആയിരുന്നു. മാതാപിതാക്കൾ നേരത്തെ മരിച്ച കുടുംബത്തിൽ അച്ഛന്റെ സ്ഥാനമായിരുന്നു പവിത്രന്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam