പാലാരിവട്ടം പാലം പൊളിക്കരുത്; എഞ്ചിനീയർമാരുടെ സംഘടന നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Oct 10, 2019, 7:32 AM IST
Highlights

സമയബന്ധിതമായി പാലാരിവട്ടം പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ തന്നെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. 

കൊച്ചി: കൂടുതൽ വിദഗ്ധ പരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഞ്ചിനീയർമാരുടെ സംഘടനയാണ് കോടതിയെ സമീപിപ്പിച്ചിരിക്കുന്നത്. പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമർപ്പിച്ച ഐഐടിയിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റപ്പണി മതിയെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇ ശ്രീധരന്റെ വാക്ക് വിശ്വസിച്ച് സർക്കാർ പാലം പൊളിക്കാൻ ഒരുങ്ങുകയാണെന്നാണ് ഹർജിയിലെ വാദം.

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാലാരിവട്ടം പാലത്തിൽ വിശദമായ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു സർക്കാർ നടപടി. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ തന്നെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Read More:പാലാരിവട്ടം പാലം പൊളിച്ച് പണിയും : ഇ ശ്രീധരനെ ഏൽപ്പിച്ചെന്ന് പിണറായി വിജയൻ

നിര്‍മ്മണത്തിലെ പ്രശ്നങ്ങളടക്കം പാലം പൊളിച്ചു പണിയേണ്ട അവസ്ഥക്ക് ഇടയാക്കിയ സാഹചര്യങ്ങൾ ഇ ശ്രീധരൻ വിശദമായി റിപ്പോര്‍ട്ടിൽ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തിൽ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബറിൽ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് വ്യക്തമാക്കി ഇ ശ്രീധരൻ രം​ഗത്തെത്തിയിരുന്നു. പാലം പൊളിച്ചു പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നൽകുമെന്നും ഒരു മാസത്തിനകം ജോലികൾ തുടങ്ങുമെന്നും പൊളിക്കലും, പുനർ നിർമാണവും സമാന്തരമായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More:പാലം പൊളിക്കേണ്ടി വന്നത് ദൗർഭാഗ്യകരം, ഒരു വർഷത്തിനകം പുതിയ പാലം; ഇ ശ്രീധരൻ

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ, ആര്‍ബിഡിസി മുന്‍ എജിഎം  എം ടി തങ്കച്ചൻ എന്നിവരുടെ ജാമ്യ ഹർജി ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.

Read More:പാലാരിവട്ടം അഴിമതി; ടി ഒ സൂരജിന് തിരിച്ചടി, മൂന്നാം പ്രതിക്ക് ജാമ്യം

ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് സൂരജ് അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്. 

click me!