Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം പൊളിച്ച് പണിയും : ഇ ശ്രീധരനെ ഏൽപ്പിച്ചെന്ന് പിണറായി വിജയൻ

പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അത് എത്രകാലം നിലനിൽക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. ഇ ശ്രീധരന്‍റെ അഭിപ്രായത്തിൽ പാലം പുനര്‍നിര്‍മ്മിക്കണം. അതിനുള്ള നടപടികൾ സര്‍ക്കാര്‍ തുടങ്ങി. 

Palarivattom bridge will be rebuilt says cm pinarayi vijayan
Author
Trivandrum, First Published Sep 16, 2019, 11:28 AM IST

തിരുവനന്തപുരം: ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. 

പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അത് എത്രകാലം നിലനിൽക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തിൽ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരൻ പറയുന്നത് പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് . ഈ അഭിപ്രായം പരിഗണിച്ചാണ് സര്‍ക്കാര്‍ പാലം പുനര്‍നിര്‍മ്മിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ തന്നെ ചുമതലപ്പെടുത്തി. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തിൽ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബറിൽ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. 

നിര്‍മ്മണത്തിലെ പ്രശ്നങ്ങളടക്കം പാലം പൊളിച്ചു പണിയേണ്ട അവസ്ഥക്ക് ഇടയാക്കിയ സാഹചര്യങ്ങൾ ഇ ശ്രീധരൻ വിശദമായി റിപ്പോര്‍ട്ടിൽ പരാമര്‍ശിച്ചിട്ടുണ്ട്. അക്കാര്യങ്ങൾ വീണ്ടും പറാൻ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു വിജിലൻസ് കേസ് അടക്കമുള്ള നടപടികൾ അതിന്‍റെ വഴിക്ക് നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്‍റ് ചെയ്തിരുന്നു. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് വായിക്കാം: പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവരെ റിമാന്‍റ് ചെയ്തു

Follow Us:
Download App:
  • android
  • ios