മെഡിക്കൽ ഓക്സിജൻ വില വർധിപ്പിക്കരുത്; സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

By Web TeamFirst Published May 6, 2021, 5:00 PM IST
Highlights

പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും പാടില്ല. ഓക്സിജൻ കൊണ്ടൻപോകുന്ന വാഹനങ്ങൾക്ക് ഗ്രീൻ കോറിഡോർ സൗകര്യം ഏർപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ഓക്സിജൻ വില വർധിപ്പിക്കരുത് എന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. മെഡിക്കൽ ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ കാലതാമസം പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

ഓക്സിജൻ ഉത്പാദന, സംഭരണ കേന്ദ്രങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിക്കും. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും പാടില്ല. ഓക്സിജൻ കൊണ്ടൻപോകുന്ന വാഹനങ്ങൾക്ക് ഗ്രീൻ കോറിഡോർ സൗകര്യം ഏർപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കിടത്തി ചികിത്സാ സൗകര്യവും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും കുറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മിക്കയിടത്തും കിടക്കകൾ പോലും കിട്ടാത്ത അവസ്ഥയാണ്  ഉള്ളത്. രോഗ വ്യാപനം കൂടുന്നതോടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 

സര്‍ക്കാര്‍ കണക്ക് അനുസരിച്ച് 2857 ഐസിയു കിടക്കകൾ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ട്. ഇതില്‍ 996ലും കൊവിഡ് രോഗികള്‍. ബാക്കി ഉള്ളവയില്‍ കൊവിഡിതര രോഗികള്‍ ആണ്. സ്വകാര്യ മേഖലയില്‍ 7085 ഐസിയു കിടക്കകള്‍ ഉണ്ട്. അതില്‍ 1037ലും കൊവിഡ് രോഗികൾ ആണ്. സര്‍ക്കാര്‍ മേഖലയിലെ 2293 വെന്‍റിലേറ്ററുകളില്‍ 441ഉം കൊവിഡ് രോഗികള്‍ . സ്വകാര്യ മേഖലയിലാകട്ടെ 377ലും കൊവിഡ് രോഗികള്‍. എന്നാൽ ഈ കണക്കുകളൊന്നും ശരിയല്ലെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കയിടത്തും ഐസിയു വെന്‍റിലേറ്റര്‍ കിടക്കകള്‍ ഒഴിവില്ലെന്നുമാണ് വിവരം. 

ഏറ്റവും വലിയ മെഡിക്കൽ കോളജ് ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയു ഒഴിവില്ല . വെന്‍റിലേറ്റര്‍ ഒഴിവുള്ളത് 4 എണ്ണം. ഒരാഴ്ചക്കുള്ളില്‍ പരമാവധി 40 ഐസിയുവരെ പുതിയതായി സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലായി 364 ഐസിയു കിടക്കകളിൽ രോഗികൾ ഉണ്ട്.  കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലും സ്ഥിതി സങ്കീര്‍ണം . 40000ന് മുകളലില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇനിയും കുതിച്ചാൽ രോഗം തീവ്രമാകുന്നവരുടെ എണ്ണവും മരണവും കൂടും. മരണ നിരക്ക് കുറയ്ക്കാൻ തീവ്രപരിചരണം വേണമെങ്കിലും അത് കയ്യിലൊതുങ്ങാത്ത സ്ഥിതിയില്‍ സിഎഫ്എല്‍ടിസികളിലടക്കം കൂടുതല്‍ ഓക്സിജൻ കിടക്കകള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാരിപ്പോൾ ചെയ്യുന്നത് .ഒന്നാം തരംഗത്തിന് ശേഷം കിട്ടിയ സമയത്ത് തീവ്രമായ രണ്ടാം തരംഗത്തെ പ്രതീക്ഷിക്കാത്തതും ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കാത്തും ഇത്തവണ തിരിച്ചടിയായി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!