'മധുവിന്‍റെ ശരീരത്തിലെ മുറിപ്പാടുകളും ചതവും കസ്റ്റഡി പീഡനത്തിന്‍റേതല്ല', ഡോക്ടര്‍ കോടതിയില്‍

Published : Oct 17, 2022, 05:33 PM ISTUpdated : Oct 17, 2022, 05:41 PM IST
'മധുവിന്‍റെ ശരീരത്തിലെ മുറിപ്പാടുകളും ചതവും കസ്റ്റഡി പീഡനത്തിന്‍റേതല്ല', ഡോക്ടര്‍ കോടതിയില്‍

Synopsis

സാക്ഷി വിസ്താരത്തിനെത്തിയ ഡോക്ടറെ പ്രതിഭാഗം വിസ്‍തരിക്കുമ്പോളാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്. 

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകളും ചതവും കസ്റ്റഡി പീഡനത്തിന്‍റേത് അല്ലെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ എൻ എ ബലറാo. സാക്ഷി വിസ്താരത്തിനെത്തിയ ഡോക്ടറെ പ്രതിഭാഗം വിസ്‍തരിക്കുമ്പോളാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്. മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകൾക്കും ചതവുകൾക്കും പൊലിസ് കസ്റ്റഡിയിൽ മർദനമേറ്റതിന്‍റെ സ്വഭാവമല്ലെന്ന് ഡോക്ടർ വ്യക്തമാക്കി. മധുവിനെ മർദിക്കാൻ ഉപയോഗിച്ച മരക്കഷണങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ഇത്തരം വടികൊണ്ടുള്ള പരിക്കുകൾ ആണോ എന്ന ചോദ്യത്തിന് ആകാം എന്നായിരുന്നു ഡോക്ടറുടെ മറുപടി. ലാത്തി പോലത്തെ വടികൾ കൊണ്ട് ആണോ എന്നു ചോദിച്ചപ്പോൾ ഡോക്ടർ നിഷേധിച്ചുമില്ല. മധു കൊല്ലപ്പെട്ട് രണ്ടുനാൾ കഴിഞ്ഞാണ് പോസ്റ്റുമോർട്ടം ചെയ്തത്. ഇത് പരിക്കുകൾ അടയാളപ്പെടുത്താന്‍ തടസ്സമായോ എന്ന് പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത്ത് ചോദിച്ചു. ഇല്ലാ എന്നായിരുന്നു മറുപടി. രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ വിസ്താരം വൈകീട്ട് 5 മണി വരെ നീണ്ടു.

കഴിഞ്ഞ ചൊവ്വാഴ്ച്ച മധുവിന്‍റെ അമ്മ മല്ലിയുടെ വിസ്‍താരം മണ്ണാർക്കാട് എസ് സി എസ്ടി  കോടതിയിൽ പൂർത്തിയായിരുന്നു. വിസ്താരത്തിനിടെ കോടതിയിൽ വികാര നിർ‍ഭരമായ നിമിഷങ്ങള്‍ സംഭവിച്ചിരുന്നു. മധുവിന്‍റെ പേരിൽ മുമ്പ് മോഷണക്കേസുണ്ടായിരുന്നോ എന്ന് പ്രതിഭാഗം അഭിഭാഷകർ ചോദിച്ചപ്പോൾ  മകൻ കള്ളനല്ലെന്നും കേട്ടപ്പോൾ സങ്കടം വന്നെന്നും മല്ലി കണ്ണീരണഞ്ഞ് പറഞ്ഞു. വിചാരണയ്ക്കിടെ മല്ലി കരഞ്ഞതോടെ, മകൾ സരസുവിനോട് ആശ്വസിപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. സാക്ഷിക്കൂട്ടിലെത്തി സരസു മല്ലിയുമായി സംസാരിച്ച ശേഷമാണ് വീണ്ടും വിചാരണ തുടങ്ങിയത്. സമൻസ് കിട്ടിയാണോ കോടതിയിൽ വന്നതെന്ന പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് എന്നായിരുന്നു മറുപടി. കോടതിയിൽ നിന്ന് വല്ല കടലാസും ലഭിച്ചാണോ വന്നതെന്ന് ജഡ്ജി കെ എം രതീഷ്കുമാർ ചോദ്യം വിശദീകരിച്ചപ്പോൾ അതെയെന്നായിരുന്നു മറുപടി. മകൾ ചന്ദ്രികയ്ക്ക് പൊലീസ് ജോലി കിട്ടിയത് മധു മരിച്ചതു കൊണ്ടല്ല. മധു മരിക്കുന്നതിന് മുൻപ് തന്നെ ഓട്ടവും ചാട്ടവും കഴിഞ്ഞിരുന്നു. മധു മരിച്ച അന്നായിരുന്നു ഇന്‍റർവ്യൂ, മധു മരിച്ചതിനാലാണ് ജോലി ലഭിച്ചതെന്നാണ് പലരും ആക്ഷേപിക്കുന്നത്. കഷ്ടപ്പെട്ടാണ് ജോലി നേടിയതെന്നും മല്ലി വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം