
തിരുവനന്തപുരം: കേരള സർവ്വകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂട്ടി. അടുത്ത മാസം അഞ്ചിനായിരുന്നു കാലാവധി തീരേണ്ടത്. ഗവർണ്ണറുടേയും യുജിസിയുടേയും നോമിനികൾ മാത്രമാണ് നിലവിൽ കമ്മിറ്റിയിലുള്ളത്. സെനറ്റിന്‍റെ നോമിനിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ നിർദ്ദേശം ഇതുവരെ സർവ്വകലാശാല പാലിച്ചിട്ടില്ല. നാലിന് സെനറ്റ് യോഗം ചേരുമെന്നാണ് ഒടുവിൽ സർവ്വകലാശാല അറിയിച്ചത്. ഗവർണര്‍ രൂപീകരിച്ച രണ്ടംഗ സമിതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമായ സൂചനയാണ് സെർച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടൽ.
കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണ്ണർ പിന്‍വലിച്ചിരുന്നു. ഗവർണ്ണറുടെ നിർദ്ദേശ പ്രകാരം ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടുന്ന ചാൻസ്‍ലറുടെ നോമിനികളെയാണ് പിൻവലിച്ചത്. ചാൻസലര്‍ക്ക് താല്‍പ്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്. പക്ഷെ അപൂർവ്വമായി മാത്രം പ്രയോഗിക്കുന്ന നടപടിക്കാണ് ഗവർണ്ണർ തയ്യാറായത്. വിസി നിർണ്ണയ സമിതിയിലേക്കുള്ള സെനറ്റ് നോമിനിയെ നിർദ്ദേശിക്കാനുള്ള ഗവർണ്ണറുടെ അന്ത്യശാസനം കേരള സർവ്വകലാശാല നിരന്തരം തള്ളുകയാണ്. ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. ഇടത് അംഗങ്ങൾക്കൊപ്പം ചാൻസലറുടെ നോമിനികളായ 15 പേരും വിട്ടുനിന്നിരുന്നു. ഇവരുടെ വിശദാംശങ്ങൾ വിസിയോട് തേടിയാണ് നടപടി എടുത്തത്.
15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ നടപടിയെ കുറിച്ച് വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ള പ്രതികരിച്ചില്ല. നാളെ കാര്യവട്ടം ക്യാമ്പസില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തെ കുറിച്ച് പറയാൻ വിളിച്ച വാർത്താസമ്മേളനത്തില്‍ വിവാദങ്ങളെ കുറിച്ച് മറുപടി പറയാതെ ഒഴിഞ്ഞുമാറി. ഈ മാസം 24 നാണ് വൈസ് ചാൻസലർ പദവി ഒഴിയുന്നത്. പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് ഗവർണറും സർവ്വകലാശാലയും തമ്മിൽ തർക്കം നടക്കുന്നത്.