നെടുങ്കണ്ടം കസ്റ്റഡിമരണം; പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിയുന്നു

By Web TeamFirst Published Jul 11, 2019, 9:11 AM IST
Highlights

രാജ്കുമാറിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ മരണം നടന്ന് ഒരു മണിക്കൂറെങ്കിലും ആയിരുന്നുവെന്നാണ് പീരുമേട് ആശുപത്രി സൂപ്രണ്ടിന്റെ മൊഴി. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിയുന്നു. രാജ്‌കുമാറിനെ പീരുമേട് ആശുപത്രിയിൽ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. രാജ്കുമാറിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ മരണം നടന്ന് ഒരു മണിക്കൂറെങ്കിലും ആയിരുന്നുവെന്നാണ് പീരുമേട് ആശുപത്രി സൂപ്രണ്ട് നല്‍കിയിരിക്കുന്ന മൊഴി. പൊലീസിന് നൽകിയ മെഡിക്കൽ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ആശുപത്രിയിൽ എത്തിയ ശേഷമാണ് പ്രതി മരിച്ചതെന്നതായിരുന്നു ജയിൽ അധികൃതരുടെ വാദം.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടരുടെ മൊഴിയും പൊലീസിനെതിരായിരുന്നു. രാജ്കുമാറിന് സംഭവിച്ച പരിക്കിനെക്കുറിച്ച് പൊലീസുകാർ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി. ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് രാജ്കുമാറിന് പരിക്കേറ്റതെന്നാണ് പൊലീസുകാർ അറിയിച്ചതെന്ന് ഡോക്ടർമാര്‍ ക്രൈംബ്രാഞ്ചിന് മൊഴിയിൽ നല്‍കിയിട്ടുണ്ട്. തങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 

Also Read: നെടുങ്കണ്ടം കസ്റ്റഡിമരണം; കൂടുതൽ പൊലീസുകാരുടെ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്

അതേസമയം, കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം തുടരുകയാണ്. കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് രാജ്കുമാറിനെ മർദ്ദിച്ച മുഴുവൻ പൊലീകാരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്‍റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മർദ്ദിച്ച പൊലീസുകാരികൾക്കെതിരെയും ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കും.

click me!