
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിലെ ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് രാജ്കുമാറിനെ മർദ്ദിച്ച മുഴുവൻ പൊലീകാരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചുവെന്നാണ് സൂചന. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും.
സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മർദ്ദിച്ച പൊലീസുകാരികൾക്കെതിരെയും ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കും. ഗീതു, റസിയ എന്നീ പൊലീസുകാരികൾ ക്രൂരമായി മർദ്ദിച്ചെന്നും മുളക് പ്രയോഗം നടത്തിയെന്നുമാണ് ശാലിനിയുടെ മൊഴി. അതേസമയം, പ്രതികളുടെ അഭിഭാഷകർ ജാമ്യത്തിനായുള്ള ശ്രമങ്ങളും തുടരുകയാണ്. രാജ്കുമാർ പ്രതിയായ തൂക്കുപാലം സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്.
ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ്‍ ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam