കണ്ണില്ലാത്ത ക്രൂരത: നായകളെ കടയിൽ പൂട്ടിയിട്ടു; രക്ഷയായത് മൃഗസ്നേഹികളുടെ ഇടപെടൽ, കടയുടമക്കെതിരെ കേസ്

By Web TeamFirst Published Jun 9, 2021, 4:13 PM IST
Highlights

മൂന്ന് നായകളുടെ ആരോഗ്യസ്ഥിതി മോശമാണ്. അവശനിലയിലായ മൂന്ന് നായകളെയും ജില്ലാ വെറ്റിനറി ആശുപത്രിയിയലേക്ക് മാറ്റി.

കോഴിക്കോട്: കോഴിക്കോട് വൃത്തിഹീനമായ സാഹചര്യത്തിൽ പെറ്റ് ഷോപ്പിൽ പൂട്ടിയിട്ട നായകളെ രക്ഷപ്പെടുത്തി. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ കടയിൽ ഭക്ഷണം നൽകാതെ പൂട്ടിയിട്ട നായകളെയാണ് മൃഗസ്നേഹികളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.

ലോക്ഡൗണിൽ കടയടച്ച് കടയുടമ വീട്ടിൽ പോയപ്പോള്‍ മൃഗങ്ങളെ കൂടുകളില്‍ അടച്ചിട്ടതാണ്. വാങ്ങാൻ ആളെത്താതായതോടെ പിന്നെ കൂട് തുറക്കാനോ ഭക്ഷണം നൽകാനോ ഉടമ  മറന്ന് പോയി. ഭക്ഷണമോ വായു സഞ്ചാരമോ ഇല്ലാതെയായിരുന്നു പിന്നെ ഈ മിണ്ടാപ്രാണികളുടെ ജീവിതം. ദിവസങ്ങളായുള്ള കഷ്ടതയ്ക്ക് അവസാനമായത് കഴിഞ്ഞ ദിവസം കുറച്ച് നല്ല മൃഗസ്നേഹികളുടെ ഇടപെടൽ കൊണ്ടാണ്. 

കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിൽ രക്തം നൽകാനെത്തിയ യുവാക്കളാണ് നായക്കളുടെ ദുരവസ്ഥ ആദ്യം കണ്ടത്. നിന്നു തിരിയാൻ സ്ഥലമില്ലാത്ത കൂടിന്‍റെ ഇരുമ്പ് കമ്പിയിൽ തട്ടി മുഖം മുറിഞ്ഞ് രക്തം വാർന്ന ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെയാണ് ഇവർ ആദ്യം കണ്ടത്. തുടർന്ന് യുവാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി പരിശോധന നടത്തിയാണ് മൃഗങ്ങളെ രക്ഷപ്പെടുത്തിയത്. മൂന്ന് നായകളുടെ ആരോഗ്യസ്ഥിതി മോശമാണ്. അവശനിലയിലായ മൂന്ന് നായകളെയും ജില്ലാ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി.

click me!