പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്, 'അധിക ജോലി' ചെയ്ത് മർദ്ദനമേറ്റ ഡോക്ടറുടെ പ്രതിഷേധം

By Web TeamFirst Published Aug 1, 2021, 10:59 AM IST
Highlights

കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറിയുമായ രഘുവരൻ എന്നിവർ ഒളിവിൽ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.  

ആലപ്പുഴ: കൈനകരിയിൽ വാക്സീൻ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിലെ പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടറുടെ വേറിട്ട പ്രതിഷേധം. അവധി ദിവസമായിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി   ജോലിചെയ്തും കൂടുതൽ വാക്സീൻ വിതരണം ചെയ്തുമാണ് മർദനമേറ്റ ഡോക്ടർ ശരത് ചന്ദ്രബോസിന്റെ  പ്രതിഷേധം. 

കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറിയുമായ രഘുവരൻ എന്നിവർ ഒളിവിൽ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.  

പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നതെന്നും പക്ഷേ നാട്ടിൽ തന്നെയുണ്ടെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരമെന്ന് ഡോക്ടർ ശരത് ചന്ദ്രബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'പ്രതികൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് അറിഞ്ഞത്. ജാമ്യം ലഭിക്കുന്നത് വരെ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കുന്നു. കൊവിഡ് കാലത്ത് ജോലി ചെയ്യാതെയുള്ള പ്രതിഷേധമല്ല, അധിക ജോലി ചെയ്തുള്ള പ്രതിഷേധമാണ് വേണ്ടത്'. അഞ്ഞൂറോളം പേർക്ക് ഇന്ന് വാക്നീനേഷൻ നൽകാനാണ് തീരുമാനമെന്നും ഇതിനായി അധികസമയം ജോലി ചെയ്യുമെന്നും  ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിന് കഴിഞ്ഞ ദിവസമാണ് മർദ്ദനമേറ്റത്.
മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കിടപ്പുരോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി. കൈനകരി പ‍ഞ്ചായത്ത് പ്രസിഡന്‍റ് എം.സി. പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, പ്രവർത്തകനായ വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് നെടുമുടി പൊലീസ് കേസെടുത്തത്. 

click me!