ഡോളർ കടത്ത്: യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

By Web TeamFirst Published Jan 1, 2021, 11:23 AM IST
Highlights

കോൺസൽ ജനറലിന്‍റെയും അറ്റാഷെയുടെയും ഔദ്യോഗിക വാഹനങ്ങളിൽ ഡോളർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. ഈ പശ്ചാത്തലത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്യും. കോൺസൽ ജനറലിന്‍റെയും അറ്റാഷേയുടെയും ഡ്രൈവർമാരെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്.

സ്വർണക്കടത്ത് കേസിൽ നേരത്തെ ഡ്രൈവർമാരെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കോൺസൽ ജനറലിന്‍റെയും അറ്റാഷെയുടെയും ഔദ്യോഗിക വാഹനങ്ങളിൽ ഡോളർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. ഈ പശ്ചാത്തലത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

നയതന്ത്ര ചാനലിലൂടെ വിദേശത്തെത്തിക്കുന്ന ഡോളർ ഉപയോഗിച്ച് വൻതോതിൽ സ്വർണം വാങ്ങിയിരുന്നുവെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഈ സ്വർണം നയതന്ത്ര ബാഗിന്‍റെ മറവിൽ തിരികെ രാജ്യത്തെത്തിക്കുന്നു. കളളപ്പണം വൻതോതിൽ സ്വർണ നിക്ഷേപമാക്കി മാറ്റുന്നു. ഈയിടപാടിൽ നിരവധിപ്പേർക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തെ കോൺസൽ ജനറലിന്‍റെ ഗൺമാനെയും ഡ്രൈവറേയും ചോദ്യം ചെയ്തത്. കോൺസൽ ജനറൽ അടക്കമുളളവർ വിദേശത്തേക്ക് പലപ്പോഴും പോയപ്പോഴും ഇവർ വിമാനത്താവളം വരെ പോയിരുന്നു.

click me!