
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങുന്നു എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ പൂർണ്ണമായും തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂർ, പാലക്കാട്, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിച്ചേക്കുമെന്ന ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
തൃശ്ശൂരും പാലക്കാടും ഒടുവിൽ വട്ടിയൂർക്കാവും തന്റെ പേരിൽ ചേർത്ത് പ്രചരിപ്പിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, ഇത് പടച്ചുവിടരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ഈ നിമിഷം വരെ പാർട്ടിയോടോ മറ്റാരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ഇതുവരെ മത്സരിച്ചതെല്ലാം പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിലാണ്. കപ്പിനും ചുണ്ടിനുമിടയിൽ പരാജയം നേരിട്ട അനുഭവങ്ങളും തനിക്കുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ച് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികൾ തന്ത്രങ്ങൾ മെനയുമ്പോൾ, സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള ചർച്ചകളും രാഷ്ട്രീയ കേരളത്തിൽ സജീവമാവുകയാണ്. ഇതിനിടെയാണ് വിവിധ നേതാക്കൾ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളും ചര്‍ച്ചയിലേക്ക് എത്തുന്നത്.
ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ചര്‍ച്ചയാകും. പ്രാഥമികമായ ആലോചന കോര്‍ കമ്മിറ്റി യോഗത്തിൽ നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രധാന നേതാക്കളെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചന. തദ്ദേശ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മുന്നിലും രണ്ടാമതും എത്തിയ 35 സീറ്റുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നീക്കം.
സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം കേരളിത്തിലെത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറും, കമ്മീഷണർമാരും സംസ്ഥാനത്തെ ഒരുക്കങ്ങൾ വിലയിരുത്തും. ഏപ്രിൽ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിലയിരുത്തും. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ആലോചന. അതേ സമയം അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam