
തിരുവനന്തപുരം: വീട്ടിലെ മാലിന്യം പൊതിഞ്ഞു കെട്ടി സെക്രട്ടറിയറ്റ് വളപ്പിൽ കൊണ്ടുവരരുതെന്ന് ജീവനക്കാർക്ക് സർക്കുലർ. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരുന്നതവസാനിപ്പിക്കാൻ വേസ്റ്റ് ബിന്നുകൾ സിസിടിവി നിരീക്ഷണത്തിലാക്കുമെന്ന മുന്നറിയിപ്പ് കൂടി സർക്കുലറിൽ ഉണ്ട്.ഭക്ഷണങ്ങളുടെ അവശിഷ്ടം കണ്ടാൽ അത് ജീവനക്കാർ കൊണ്ടുവന്നു കഴിച്ചതിന്‍റെ ബാക്കിയാണെന്ന് മനസ്സിലാക്കാം.എന്നാൽ വീടുകളിൽ കാണുന്നതു പോലെ പച്ചക്കറി അരിഞ്ഞത് അടക്കമുള്ള മാലിന്യം സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകളിൽ കണ്ടതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗത്തിൽ നിന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് സ്വരത്തിൽ സർക്കുലർ പോയത്.
വേണ്ടി വന്നാൽ വേസ്റ്റ് ബിന്നുകൾ സിസിടിവി നിരീക്ഷണത്തിലാക്കും. ഇനി പിടിക്കപ്പെട്ടാൽ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയുണ്ടാകും. വീട്ടിലെ മാലിന്യം സഞ്ചിയിലാക്കി പലരും സെക്രട്ടറിയേറ്റിലെത്തി കളയുന്ന പതിവുണ്ടെന്നാണ് വിവരം.മാലിന്യം മാത്രമല്ല പ്രശ്നം. ഡ്രൈവർമാർക്കും ജീവനക്കാർക്കും ഉൾപ്പടെ കടിയേൽക്കുന്നത് പതിവായതോടെ സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കളെ സംരക്ഷിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇവയ്ക്ക് ഭക്ഷണം നൽകി സംരക്ഷിക്കുന്നതാകട്ടെ ജീവനക്കാരാണ് താനും.അധികാര ഭാവത്തിൽ കറങ്ങി നടക്കുന്ന നായ്ക്കൾക്ക് സർക്കുലർ കർശനമായി നടപ്പാക്കുമ്പോൾ എന്തു സംഭവിക്കുമെന്നത് മറ്റൊരു ചോദ്യം. വെള്ളക്കുപ്പികളിൽ ജീവനക്കാർ വളർത്തുന്ന അലങ്കാരച്ചെടികൾ സെക്രട്ടേറിയറ്റ് വളപ്പിലെ കൊതുകുവളർത്തൽ കേന്ദ്രങ്ങളാണ് മാറുന്നത് മറ്റൊരു പ്രശ്നം. ഇതിനെതിരെയും സർക്കുലറിൽ മുന്നറിയിപ്പുണ്ട്.