
തിരുവനന്തപുരം: ഐഎംജി ഡയറക്ടറായിരിക്കെ കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി നിയമിച്ചതിനെതിരെ ബി അശോക് ഐഎഎസ് കോടതിയിൽ. ഇരട്ട ആനുകൂല്യം പറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരോപണം കെ ജയകുമാർ നിഷേധിച്ചു. ഒരേസമയം രണ്ട് പ്രതിഫലം പറ്റുന്നില്ലെന്നും ഐഎജി ഡയറക്ടർ പദവിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി. ബി അശോകിന്‍റേത് ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഐഎഎസ് ഉദ്യോഗസ്ഥൻ കോടതിയിൽ. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹിന്ദുമത സ്ഥാപന നിയമത്തിലെ ചട്ടത്തിന് വിരുദ്ധം നിയമനമെന്ന് ബി അശോക് ഐഎഎസ് തിരുവനന്തപുരും ജില്ലാ കോടതിയിൽ നൽകിയ ഹർജിയിൽ വാദം. നിലവിൽ ഐഎംജി ഡയറക്ടറാണ് കെ ജയകുമാർ. സംസ്ഥാന സർക്കാര്‍ നല്‍കിയ നിയമനം. ഇതേ പദവി ഒഴിയാതെ നവംബറിൽ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി. സർക്കാർ ശമ്പളം പറ്റുന്നവർ ബോർഡ് അംഗമോ അധ്യക്ഷനോ ആവരുതെന്ന തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ ഏഴാം ചട്ടത്തിന്‍റെ ലംഘനമാണ് ഇതെന്ന് അശോകിന്‍റെ വാദം.ഐഎംജിയിലെ ശമ്പളരേഖകളുൾപ്പെടെ ഹാജരാക്കി പരാതി.
ജയകുമാറിന്‍റെ നിയമനം ചട്ടലംഘനം തന്നെയെന്ന് ബി അശോക് ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഐഎംജി പദവി ഒഴിഞ്ഞ ശേഷം വേണമായിരുന്നു ചുമതല ഏറ്റെടുക്കാനെന്ന് പറഞ്ഞ ബി അശോക്, ജയകുമാറിന്‍റെ ഐഎംജി ഡയറക്ടര്‍ നിയമനവും ചട്ടലംഘമെന്ന് ആരോപിച്ചു. അതേസമയം, ഐഎംജി ഡയറക്ടര്‍ ചുമതല ഒഴിയുമെന്ന് കെ ജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പദവിയില്‍ തുടരുന്നത് പകരക്കാരന്‍ വരുന്നത് വരെ മാത്രമാണെന്ന് ജയകുമാര്‍ വ്യക്തമാക്കി. ഓരേ സമയം രണ്ട് പ്രതിഫലം പറ്റുന്നില്ല കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹർജി അസാധാരണ നടപടിയെന്ന് വിമർശിച്ച് അശോകിനെ തള്ളി മുഖ്യമന്ത്രിയുടെ പ്രതിരോധം. എന്നാൽ നിയമ വിരുദ്ധമായത് സർക്കാർ ചെയ്താൽ അതിനൊപ്പം നിൽക്കേണ്ട ബാധ്യത തനിക്കില്ലെന്നായിരുന്നു ബി അശോകിന്‍റെ മറുപടി. നേരത്തെ ഐഎംജി ഡയറക്ടറായുളള ജയകുമാറിന്‍റെ നിയമനത്തിനെതിരെയും ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളക്കേസിലെ ക്ഷീണം മാറ്റാനാണ് ബോർഡ് തലപ്പത്ത് സർക്കാർ കെ ജയകുമാറിനെ കൊണ്ടുവന്നത്. അതാണിപ്പോൾ ചട്ടങ്ങളിൽ തട്ടി കോടതി കയറുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam