
തിരുവനന്തപുരം : ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടർ അഭിഷോയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. പഠനത്തിൽ ഏറെ മിടുക്കനായ മകൻ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും കുടുംബത്തിലില്ലെന്ന് ഡോ. അഭിഷോയുടെ അച്ഛൻ ഡേവിഡ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വരുന്ന 19 ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി വിദ്യാർത്ഥിനിയായ ഭാര്യ നിമിഷയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വരാൻ ഇരുന്നത്. മെഡിക്കൽ കോളേജുകളിൽ ജോലി സമ്മർദം മൂലം പലരും വിഷമിക്കുന്നതായി അടുത്തിടെ വാർത്തകൾ വരുന്നുണ്ടെന്നും അഭിഷോയുടെ മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കുടുംബം പറയുന്നു.
വെള്ളിയാഴ്ച്ച രാവിലെ പത്തു മണിയോടെയാണ് അഭിഷോയെ ഹോസ്റ്റിലെ 25 ആം മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഡ്യൂട്ടി സമയമായിട്ടും അഭിഷോ അനസ്തേഷ്യ ഡിപ്പാർട്മെന്റിൽ എത്തിയിരുന്നില്ല. തുടർന്ന് വകുപ്പ് മേധാവി ഡോ. സതീഷ് കുമാറിന്റെ നിർദേശത്തെത്തുടർന്ന് ജീവനക്കാർ അന്വേഷിച്ച് മുറിയിലെത്തുകയായിരുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ അഭിഷോ കിടക്കയിൽ മരിച്ച നിലയിലായിരുന്നു. അഭിഷോ ഉപയോഗിച്ച മരുന്നും സിറിഞ്ചും മുറിയിൽ നിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഗോരഖ്പൂർ സിറ്റി എസ്പി അഭിനവ് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക ്കൊണ്ടു പോകും. കുടുംബാംഗങ്ങള്‍ ഗോരഖ് പൂരിലെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam