വയനാട് പുൽപ്പള്ളി ദേവർഗദ്ധയിൽ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു

സുൽത്താൻ ബത്തേരി: വയനാട് പുൽപ്പള്ളി ദേവർഗദ്ധയിൽ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അര്‍ധരാത്രിയിൽ കടുവ റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുൽപ്പള്ളിയിലെ കാപ്പി സെറ്റ്, ദേവർഗദ്ദ മേഖലയിൽ കടുവയുടെ ആശങ്ക തുടരുകയാണ്. പ്രദേശത്ത് രണ്ടു ദിവസമായി വനംവകുപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ദേവർഗദ്ധയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മാടപ്പള്ളി കുന്നിൽ കാലിനു പരിക്കേറ്റ ഒരു കടുവയെ ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു. ഇവിടെയും നിരീക്ഷണം തുടരുകയാണ്. 

കർണാടകയിലെ വനമേഖലയിൽ ഇന്നലെ ഒരു കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ, മാരനെ ആക്രമിച്ച മേഖലയിലെ കേരള വനംവകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞ കടുവയുമായി ഇതിന് സാമ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനിടയാണ് പുൽപ്പള്ളി നഗരത്തിന് ഒന്നര കിലോമീറ്റർ അകലെയുള്ള ഏരിയ പള്ളിയിലും കടുവയെത്തിയത്. ദേവർഗദ്ദയിലെ കടുവ തന്നെയാണോ അതോ മറ്റേതെങ്കിലും കടുവയാണോ എന്ന് വ്യക്തമായിട്ടില്ല.കടുവയെ കണ്ട പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്കു മുൻപ് ഇതിനു സമീപത്ത് കടുവാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ദേവർഗദ്ദയിൽ ഇറങ്ങിയ കടുവയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതും കൂടുവെച്ച് പിടികൂടുന്നതും പരാജയപ്പെട്ടാൽ മയക്കുവെടിവെക്കാൻ ആണ് തീരുമാനം. കടുവ കേരള വനംവകുപ്പിന്‍റെ ലിസ്റ്റിലുള്ളത് അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. 

പുല്‍പ്പള്ളിയിലെ കടുവ കര്‍ണാടകയുടെ ഡാറ്റേബേസിലുള്ളതാണോയെന്ന് പരിശോധിക്കും-മന്ത്രി

പുൽപ്പള്ളിയിലെ നരഭോജി കടുവ കർണാടക ഡാറ്റ ബേസിലുള്ളതാണോ എന്നതറിയാൻ കൂടതൽ പരിശോധന വേണമെന്നും അതിനായി ഉദ്യോഗസ്ഥതലത്തിൽ നടപടി ആരംഭിച്ചുവെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇന്നലെ പുൽപ്പള്ളിയിൽ കണ്ടെത്തിയ കടുവ വനംവകുപ്പിന്‍റെ നിരീക്ഷണ പരിധിയിലാണുള്ളത്. നിലവിൽ വന്യജീവി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിൽ ആര്‍ആര്‍ടി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ധനമന്ത്രിയുമായി ചർച്ച നടത്തും. വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് കൂടുതലായി ഇറങ്ങുന്നുണ്ട്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

YouTube video player