
കോഴിക്കോട്: വഖഫ് ബോർഡ് അധ്യക്ഷനായി എംകെ സക്കീറിനെ നിയമിക്കുന്നതിനെതിരെ സമസ്ത മുഷാവറ അംഗം. മതബോധമില്ലാത്തയാളെ ചെയർമാനാക്കുന്നത് വിശ്വാസികളെ അപഹസിക്കലാണെന്ന് ബഹാവുദ്ദീൻ നദ്‌വി കുറ്റപ്പെടുത്തി. ഫെയ്സ്‌ബുക് കുറിപ്പിലാണ് വിമർശനം. ഇടതുമുന്നണി നടത്തുന്നത് സമുദായ വഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.
ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നത്
ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതലകള്‍ ഏല്പിക്കപ്പെടേണ്ടത്.
മത വിഷയങ്ങളില്‍ അവഗാഹവും കാഴ്ചപ്പാടും ഇസ്‌ലാമിക ജീവിത രീതികളുമുള്ള വ്യക്തികള്‍ വഹിച്ചിരുന്ന കേരളത്തിലെ വഖ്ഫ് ചെയര്‍മാന്‍ പദവിയില്‍, മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്.
ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം വഖ്ഫുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്നവര്‍ മതവിശ്വാസികളും ഇസ്‌ലാമിക നിയമങ്ങളോട് നീതി പുലര്‍ത്തുന്നവരും ആകണമെന്നു കണിശമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, ഏറെ സൂക്ഷ്മത പുലര്‍ത്തേണ്ട ഒരു പദവിയില്‍ മതബോധമോ സംസ്‌കാരമോ ഇല്ലാത്ത ഒരാളെ നിയമിക്കുക വഴി ഒരു സമുദായത്തെ തന്നെ അപഹസിക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
മതത്തെ അവഹേളിക്കുന്ന വ്യക്തിയെ പ്രസ്തുത സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ ഇടതുപക്ഷത്തിന്റെ നേരത്തെയുള്ള പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന കാര്യം സുതരാം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍, മതമൂല്യങ്ങളെ നിശ്ശേഷം ഉച്ചാടനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.
നീതി രഹിതമായ അധര്‍മങ്ങള്‍ വഴി ഒരു സമുദായത്തെ വഞ്ചിക്കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും അവര്‍ക്ക് ഹനിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ദുഷ്പ്രവണത ഏറെ പ്രതിഷേധാര്‍ഹമാണ്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam