'വിവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്ക്'; അഭിമുഖ വിവാദത്തിൽ പ്രതികരിച്ച് ഹക്കീം അസ്ഹരി

Published : May 07, 2025, 08:39 PM IST
'വിവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്ക്'; അഭിമുഖ വിവാദത്തിൽ പ്രതികരിച്ച് ഹക്കീം അസ്ഹരി

Synopsis

രാഷ്ട്രീയമായി മുസ്‌ലീങ്ങള്‍ ഒരു പാർട്ടിക്ക് കീഴിൽ സംഘടിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ അതൊരിക്കലും വേണ്ടതില്ല എന്ന നിലപാടാണ് പറഞ്ഞത് എന്നാണ് ഹക്കീം അസ്ഹരിയുടെ വാദം.

കോഴിക്കോട്: ലീഗ് വിമർശന വിവാദത്തിൽ വിശദീകരണവുമായി കാന്തപുരത്തിന്റെ മകനും എപി വിഭാഗം നേതാവുമായ ഡോ. ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് ഹക്കീം അസ്ഹരി നൽകിയ അഭിമുഖത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അഭിമുഖം വിവാദമാക്കിയതിനു പിന്നിൽ ജമഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നാണ് ഹക്കീം അസ്ഹരി ഫേസ് ബുക്ക് പേജിൽ കുറിച്ചത്. 

'കേരള രാഷ്ട്രീയത്തിൽ ഒരുപാട് പാർട്ടികളും മുന്നണികളും പ്രവർത്തിച്ചു വരുന്നുണ്ട്. അതിൽ മുസ്‌ലിം പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ പാർട്ടിയാണ് മുസ്‌ലിം ലീഗ്. ഇന്ന് ഐക്യ ജനാധിപത്യ മുന്നണിയോടും, ആദ്യ കാലത്ത് ഇടതുപക്ഷത്തോടും സഖ്യം ചേർന്നിട്ടുള്ള ഒരു കരുത്തുറ്റ സെക്യുലർ പാർട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്‌ലീങ്ങളെല്ലാം ലീഗുകാരല്ലാത്തത് പോലെ ലീഗുകാരെല്ലാം മുസ്‌ലീങ്ങളുമല്ല എന്നതാണല്ലോ യാഥാർഥ്യം. എല്ലാ പാർട്ടികളോടുമെന്ന പോലെ മുസ്‌ലിം ലീഗിനോടും പ്രത്യേക യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാതെ സൗഹൃദം കാത്തുസൂക്ഷിക്കലാണ് ഞങ്ങളുടെ രീതി. മാത്രവുമല്ല, ലീഗ് നേതാക്കളിൽ പലരും സമസ്ത ഇ കെ വിഭാഗം കീഴ്‌ഘടകങ്ങളുടെ തലപ്പത്തുള്ളവരും പരമ്പരാഗത സുന്നി ആദർശം പിന്തുടരുന്നവരുമായതിനാൽ ആ നിലയിൽ അവരോട് അൽപം കൂടുതൽ സൗഹൃദവും സ്നേഹവുമുണ്ട്. നേതാക്കൾക്കും ഞങ്ങളുമായി വ്യക്തി ബന്ധമുള്ളവർക്കും അക്കാര്യം നന്നായി അറിയാവുന്നതുമാണ്. ഈ സൗഹൃദം നിലനിൽക്കുമ്പോൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നതിന് അതു വിലങ്ങുതടിയാകാറില്ല. ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തുന്നു എന്നത് സൗഹൃദത്തേയും ബാധിക്കാറില്ല. അതാണ് യഥാർഥ രാഷ്ട്രീയവും സൗഹൃദവും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇടതുപക്ഷവുമായി സൗഹാർദം നിലനിർത്തുമ്പോൾ തന്നെ കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താൻ ഞങ്ങൾക്ക് സാധിക്കുന്നതും അതുകൊണ്ടാണ്. ഇത്രയും വളരെ വ്യക്തമായി പറഞ്ഞത്, ഈയിടെ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ ഒരു കൂട്ടം മാധ്യമ പ്രവർത്തകർ നടത്തിയ അഭിമുഖത്തിൽ ഞാൻ പറഞ്ഞ ചില അഭിപ്രായങ്ങളെ അടർത്തിയെടുത്തും വളച്ചൊടിച്ചും ഈ സൗഹൃദങ്ങളെ തകർക്കുകയും ഭിന്നതകളുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന സാഹചര്യത്തിലാണ്. എല്ലാ കാലത്തെയും പോലെ ജമാഅതെ ഇസ്‌ലാമിയുടെ മാധ്യമങ്ങളാണ് ഈ കുളംകലക്കലിന് പിന്നിലെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുമുണ്ട്' എന്ന് ഹക്കീം അസ്ഹരി ഫേസ്ബുക്കിൽ കുറിച്ചു. 

രാഷ്ട്രീയമായി മുസ്‌ലീങ്ങള്‍ ഒരു പാർട്ടിക്ക് കീഴിൽ സംഘടിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ അതൊരിക്കലും വേണ്ടതില്ല എന്ന നിലപാടാണ് പറഞ്ഞത് എന്നാണ് അസ്ഹരിയുടെ വാദം.  സിഎഎക്കും വഖ്ഫ് ഭേദഗതി ബില്ലിനും എതിരെ മുസ്‌ലീങ്ങള്‍ മാത്രമായി പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും, ഭരണഘടനാ വിരുദ്ധമായത് കൊണ്ട് അത് എല്ലാ ഇന്ത്യക്കാരുടെയും പ്രശ്നമാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മുസ്‌ലിം ലീഗ് അത്തരമൊരു സമുദായ പാർട്ടിയല്ലേ എന്ന് ചോദിച്ചപ്പോൾ കൂടുതൽ അംഗങ്ങളും മുസ്‌ലിംകളായതുകൊണ്ട് അങ്ങനെ ഒരു ധാരണ വന്നതാകാമെന്ന് പറഞ്ഞെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്വേഷണത്തിന്‍റെ പോക്കിൽ ഭയമുണ്ടെങ്കിൽ പാരഡി ഗാനം ഒന്നിച്ച് പാടിയാൽ മതി, അത് കൂട്ടക്കരച്ചിലാകും; വിഡി സതീശനെതിരെ മന്ത്രി എംബി രാജേഷ്
'ശശിയുടെ പണിയാണ് നടക്കുന്നത്, എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല'; പ്രതികരിച്ച് അടൂർ പ്രകാശ്