ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ ഇപ്പോള്‍ മലക്കം മറിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോൾ എസ്ഐടിയിൽ വിശ്വാസം നഷ്ടപ്പെട്ടോയെന്നും എംബി രാജേഷ് 

പാലക്കാട്: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി എംബി രാജേഷ്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ ഇപ്പോള്‍ മലക്കം മറിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോൾ എസ്ഐടിയിൽ വിശ്വാസം നഷ്ടപ്പെട്ടോയെന്നും എംബി രാജേഷ് ചോദിച്ചു. കടകംപള്ളി സുരേന്ദ്രനെ മൊഴി എടുക്കാൻ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന് വൻ ആഘോഷമായിരുന്നു. ഇപ്പോള്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണ്. സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിനാണ് പരിഭ്രാന്തിയെന്ന് ചോദിച്ച എംബി രാജേഷ് അന്വേഷണത്തിന്‍റെ പോക്കിൽ ഭയം ഉണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതിയെന്നും അത് കൂട്ടക്കരച്ചിലാകുമെന്നും പരിഹസിച്ചു. 

കോണ്‍ഗ്രസ് ചെയ്യുന്നതിൽ ഒന്നും ദുരൂഹതയില്ലെന്നാണ് അവരുടെ നിലപാട്. കോൺഗ്രസിന്‍റെ രണ്ട് നേതാക്കൾ എന്തിനാണ് പ്രതികൾക്കൊപ്പം സോണിയ ഗാന്ധിയെ കണ്ടതെന്നും എംബി രാജേഷ് ചോദിച്ചു. വെള്ളാപ്പള്ളി നടേശന്‍റെ യുടെ സിപിഐ വിമര്‍ശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങള്‍ ഒറ്റച്ചാട്ടത്തിനാണ് ബിജെപിയായതെന്നും നേതൃനിരയിലും കോണ്‍ഗ്രസ്-ബിജെപി ഡീലുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. ഹൈക്കമ്മാൻഡ് മുതൽ പഞ്ചായത്ത് വരെ ബിജെപിയിലേക്ക് കണ്ണുനട്ടിരിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിയില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ ആരോപിച്ചിരുന്നു. നിയമനത്തിന് പിന്നില്‍ മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണ്. ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള എസ്.ഐ.ടിയില്‍ നുഴഞ്ഞ് കയറാനും വാര്‍ത്തകള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്താനുമുള്ള നീക്കമാണിതെന്നും എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും ഇന്നലെ വിഡി സതീശൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മന്ത്രി എംബി രാജേഷിന്‍റെ പ്രതികരണം. 

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്ക് അന്താരാഷ്ട്ര മാനമുണ്ടെന്നും വലിയ തട്ടിപ്പാണ് നടന്നതെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അടൂര്‍ പ്രകാശിനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും അയ്യപ്പന്‍റെ മുതൽ കട്ടവർ രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഐടിയിൽ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ വേണം. അന്വേഷണം വഴി തിരിച്ചു വിടാമെന്ന് ആരും കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണെന്നും എസ്ഐടിയുടെ വിശ്വാസ്യത നിലനിർത്തണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. വൻപ്രതികളെ സംരക്ഷിക്കാൻ മെനക്കെട്ടാൽ കനത്ത തിരിച്ചടി നേരിടും. കടകംപള്ളി ചോദ്യം ചെയ്തപ്പോൾ ആരും അറിയാഞ്ഞത് എന്തുകൊണ്ടാണ്? എസ്.ഐ.ടിയുടെ മേൽ ശക്തമായ സമ്മർദ്ദമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യാൻ വേണ്ടിയാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യൽ വൈകിപ്പിച്ചതെന്നും കെസി വേണുഗോപാൽ ആരോപിച്ചു.