
തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികൾ ശരിവച്ച് അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഉള്ളടക്കം. ചികിത്സാ ഉപകരണങ്ങൾ എത്തിക്കുന്നതിൽ കാലതാമസമുണ്ടെന്നും രോഗികൾ പിരിവിട്ട് ഉപകരണങ്ങൾ വാങ്ങേണ്ടിവരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങൾക്ക് വേണ്ടി മൂന്ന് മാസത്തെ വരെ കാത്തിരിപ്പുണ്ടായി. ഡോ.ഹാരിസ് സമയബന്ധിതമായി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിക്കുന്നതിന് ആറ് മാസം വരെ വൈകിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഡിസംബറിൽ നൽകിയ അപേക്ഷയിൽ ജൂണിലാണ് അഡ്മിനിട്രേറ്റീവ് അനുമതി നൽകിയത്. സാമ്പത്തിക അധികാരമില്ലായ്മയാണ് കാല താമസത്തിന് കാരണമായത്. വില വർധന കാരണം സൂപ്രണ്ടിന് കൂടുതൽ പർച്ചേസിംഗ് പവർ വേണം. ഡോക്ടർ ഹാരിസ് തുറന്നുപറഞ്ഞ അന്ന് മൂന്ന് ശസ്ത്രക്രിയകൾ മുടങ്ങി. തൊട്ടടുത്ത ദിവസം വകുപ്പിൽ ശസ്ത്രക്രിയ നടന്നു. ഇത് മറ്റൊരു ഡോക്ടറുടെ സ്വന്തം ഉപകരണം ഉപയോഗിച്ചായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്
ഉപകരണങ്ങൾ ഇല്ലാത്തതിനാൽ നാലായിരം രൂപ വരെ പിരിവിട്ട് ഉപകരണം വാങ്ങേണ്ടിവന്നതായി രോഗികൾ വിദഗ്ധ സമിതിയോട് വെളിപ്പെടുത്തി. ചികിത്സ പ്രതിസന്ധി ഡോക്ടർ ഹാരിസ് തുറന്ന് പറഞ്ഞ ദിവസം യൂറോളജി വിഭാഗത്തിൽ ലിതോക്ലാസ്റ്റ് പ്രോബ് ഇല്ലാത്തതിനാൽ മൂന്ന് ശസ്ത്രക്രിയകൾ മുടങ്ങി. തൊട്ടടുത്ത ദിവസം വകുപ്പിലെ രണ്ടാമത്തെ യൂണിറ്റിൽ, യൂണിറ്റ് മേധാവി സ്വന്തം നിലയിൽ വാങ്ങിവച്ച ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നാമത്തെ യൂണിറ്റ് ചീഫും പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. സദ്ദുശേപരമാണ് ഡോക്ടറുടെ തുറന്നുപറച്ചിൽ എന്നതിൽ വിദഗ്ധ സമിതിക്കും സംശയമില്ല.
പക്ഷെ ചട്ടലംഘനം ചൂണ്ടിക്കാട്ടുന്നു. ഉപകരണങ്ങൾ എത്തിക്കുന്നതിലെ കാലതാമസത്തിന് കാരണം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൂടുതൽ സാമ്പത്തിക അധികാരമില്ലാത്തതും ഉപകരണങ്ങളുടെ വിലവർധനയുമാണ്. അതിനാൽ സൂപ്രണ്ടിന് കൂടുതൽ പർച്ചേസിംഗ് പവർ വേണം. ഇത്രയൊക്കെ വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ടെന്നിരിക്കെയാണ് ആരോഗ്യമന്ത്രി ഡോ.ഹാരിസിനെ സംശയനിഴലിൽ നിർത്തി, ഒരു ഉപകരണം കാണാതായെന്ന റിപ്പോർട്ടിലെ പരാമർശം മാത്രം മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. റിപ്പോർട്ട് ഓദ്യോഗികമായി പുറത്തുവിടാൻ ആരോഗ്യവകുപ്പ് ഇനിയും തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam