
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഡോ.റീന കെ.ജെ തുടരും. ഒരു വർഷത്തേക്ക് കൂടി നിയമന കാലാവധി നീട്ടിനൽകി ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കി. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് സ്ഥാനത്തെ ഡോ.റീനയുടെ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ഡിഎച്ച്എസ് സ്ഥാനത്തെത്താൻ യോഗ്യതയുള്ള പത്ത് അഡീഷണൽ ഡിഎച്ച്എസുമാർ നിലവിലുണ്ട്. എന്നാൽ, പുതിയയാളെ കണ്ടെത്താൻ തുടർ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഡോ.റീനയ്ക്ക് സർവീസ് ബാക്കിയുണ്ട്. എന്നാൽ, റൊട്ടേഷൻ അടിസ്ഥാനത്തിൽ പുതിയ ഡിഎച്ച്എസിനെ നിയമിക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്. നേരത്തെ റാങ്ക് പട്ടിക മറികടന്ന് ഡോ.കെ.വി.വിശ്വനാഥനെ ഡിഎംഇയായി നിയമിച്ചതും വിവാദമായിരുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സെലക്ഷന്‍ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് 2023 ഫെബ്രുവരിയിൽ ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. ഇന്ത്യയിൽ ആദ്യമായി കൊവിഡ് കേരളത്തിൽ തൃശൂരിൽ സ്ഥികരിക്കുമ്പോൾ തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസറായിരുന്നു ഡോ.കെ.ജെ.റീന. പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറുടെ ചുമതലയും ഡോ. റീന വഹിച്ചിട്ടുണ്ട്.