
ബെംഗളുരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രോഗാവസ്ഥയിൽ നിന്ന് പതിയെ സുഖം പ്രാപിക്കുന്നുവെന്ന വാർത്ത എത്തിയതിന്‍റെ ആശ്വാസത്തിലാണ് ഏവരും. ദിവസങ്ങളായി ബെംഗളുരുവിലെ ആശുപത്രിയിൽ ഐ സി യുവിൽ കഴിഞ്ഞിരുന്ന ഉമ്മൻ ചാണ്ടിയുടെ രോഗാവസ്ഥയിൽ മാറ്റം വന്നതോടെ ഇന്ന് ആശുപത്രിയിൽ നിന്ന് വിട്ടയച്ചിരിന്നു. അതിനിടയിലാണ് ഉമ്മൻ ചാണ്ടി ഐ സി യു ചികിത്സയിലിരിക്കെയുള്ള അനുഭവം പങ്കുവച്ച് മകൾ രംഗത്തെത്തിയിരിക്കുന്നത്. ഐ സി യുവിൽ ചികിത്സയിലിരിക്കെയും ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് വേണ്ടി ഇടപെടാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നതിന്‍റെ അനുഭവമാണ് മകൾ മരിയ ഉമ്മൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചിരിക്കുന്നത്. ഐ സി യുവിൽ അധികമാർക്കും പ്രവേശനം നൽകിയിരുന്നില്ല. എന്നാൽ കേന്ദ്രമന്ത്രി കാണാനെത്തിയപ്പോൾ അദ്ദേഹത്തെ കാണണമെന്ന് അപ്പ പറഞ്ഞെന്നും, മന്ത്രിയോട് ഒരേ ഒരു കാര്യം മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും മരിയ വ്യക്തമാക്കി.
യെമനിലെ കോടതിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കാര്യമായിരുന്നു ഉമ്മൻ ചാണ്ടി തന്നെ കാണാനെത്തിയ കേന്ദ്രമന്ത്രിയോട് തിരക്കിയത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും കേന്ദ്രമന്ത്രി വി മുരളീധരനോട് അദ്ദേഹം ആവശ്യപ്പെട്ടു. നിമിഷ പ്രിയയെ 8 വയസ്സുള്ള മകളോടും കുടുംബത്തോടും വീണ്ടും ഒന്നിക്കാൻ സഹായിക്കണമെന്നും അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. ഒരു യഥാർത്ഥ പൊതുപ്രവർത്തകന്‍റെ മനസ്സ് ഐ സി യുവിൽ പോലും സ്വന്തം ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ലെന്നും, എപ്പോഴും താൻ സ്നേഹിക്കുന്നവരും സേവിക്കാൻ ആഗ്രഹിക്കുന്നവരുമായ ആളുകളോടൊപ്പമാണെന്നും മനസ്സിലാക്കുന്നതായിരുന്നു ആ അനുഭവമെന്നാണ് മകൾ ഫേസ്ബുക്കിൽ കുറിച്ചത്. അതുകൊണ്ടുതന്നെ താൻ വളരെയധികം സ്നേഹിക്കുന്ന ആളുകളെ സേവിക്കാൻ അപ്പ ഉടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പാണെന്നും, അദ്ദേഹത്തിന്‍റെ മകൾ എന്ന നിലയിൽഎത്ര ഭാഗ്യവതിയാണെന്ന് വീണ്ടും മനസ്സിലാക്കിയ സംഭവവും അനുഭവവുമാണെന്നും മരിയ കൂട്ടിച്ചേർത്തു.