
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മേയർ ഡോ നിജി ജസ്റ്റിൻ. ലാലി ജയിംസ് ഉയർത്തിയ വിവാദങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് നിജി ജസ്റ്റിൻ പറഞ്ഞു. പാർട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും പറഞ്ഞ നിജി, ലാലി ജെയിംസിന് ഗാന്ധിയേയും ബൈബിളിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു മറുപടി നൽകിയത്.
‘വിനയം ഇല്ലാത്ത സേവനം സ്വാർത്ഥതയും അഹന്തയുമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം, നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കണം, തൃശ്ശൂരിലെ എല്ലാ ആളുകളുടെയും ദാസൻ ആയിരിക്കാനാണ് തനിക്ക് ആഗ്രഹം എന്നും’ മേയർ പറഞ്ഞു. മത്തായിയുടെ സുവിശേഷത്തിലെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു മറുപടി.
നേരത്തെ, ലാലി ഉയർത്തിയ ആരോപണങ്ങളിൽ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റും പ്രതികരിച്ചിരുന്നു. ലാലി ജെയിംസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രതികരണം. കള്ളിമുണ്ടുടുത്ത് ടിവിഎസിൽ യാത്ര ചെയ്യുന്ന ഫോട്ടോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. തൃശൂർ മേയർ പദവി പണം വാങ്ങി വിറ്റെന്നും പണമില്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ലാലി ജെയിംസ് ഉന്നയിച്ചിരുന്നത്.
കൂടാതെ, മേയർ ആക്കാൻ ഡിസിസി അധ്യക്ഷൻ പാർട്ടി ഫണ്ട് ചോദിച്ചുവെന്നും ഇന്ന് രാവിലെ ലാലി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷൻ ഫോട്ടോയുമായി രംഗത്തുവന്നത്.`എന്താ പ്രസിഡന്റേ,യാത്ര ഇങ്ങനെയാക്കിയോ' എന്ന തലക്കെട്ടോടെയാണ് ടാജറ്റിന്റെ അടുത്ത വൃത്തങ്ങൾ ഫോട്ടോ പങ്കുവെച്ചത്. പാർട്ടി ഫണ്ട് ചോദിച്ചെന്ന് ആരോപണം നേരിടുന്ന തന്റെ യഥാർത്ഥ അവസ്ഥ ഇതാണ് എന്ന തരത്തിലുള്ള മറുപടിയാണ് ജോസഫ് ടാജറ്റ് ഫോട്ടോയിലൂടെ പങ്കുവെക്കുന്നത്.
അതേസമയം, തൃശൂർ മേയർ സ്ഥാന വിവാദത്തിന് പിന്നാലെ ലാലി ജെയിംസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റേതാണ് നടപടി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തനിക്ക് അറിവൊന്നും ലഭിച്ചിട്ടില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam