പാലക്കാട്/ തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി (Kottathara Tribal Special Hospital) സൂപ്രണ്ട് ഡോ. പ്രഭുദാസിനെ (Dr Prabhudas) സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന് (Veena George) എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.
ആരോഗ്യ മന്ത്രി വീണാജോര്‍ജിന്‍റെ മിന്നൽ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ. പ്രഭുദാസിന്റെ വിമർശനം. മന്ത്രിയുടെ സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് തടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്‍റെ നിലപാട്.
മന്ത്രിയുടെ മിന്നൽ സന്ദർശനദിവസം ഇല്ലാത്ത മീറ്റിങ്ങിന്‍റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്ന് ഡോ. പ്രഭുദാസ് തുറന്നടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുൻപേ എത്താനുള്ള തിടുക്കമാകാം ആരോഗ്യ വകുപ്പ് മന്ത്രിക്കെന്നും പ്രഭുദാസ് ആരോപിച്ചു.
ശിശുമരണങ്ങളുടെ പേരിൽ പഴി കേട്ട കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിൽ നിന്നും തന്നെ മാറ്റി നിർത്തിയതിലാണ് സൂപ്രണ്ട് വിയോജിപ്പ് പരസ്യമാക്കിയത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുത്തില്ല. ആശുപത്രിയുടെ ചുമതലക്കാരനായ തന്നെ കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. അട്ടപ്പാടിയിൽ തുടരുന്ന ശിശുമരണത്തിന്‍റെ പേരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി കൈകഴുകാൻ സർക്കാർ നീക്കമുണ്ടെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ഡോ. പ്രഭുദാസിന്‍റെ തുറന്നു പറച്ചിൽ.
ആരോഗ്യമന്ത്രിക്ക് എതിരെ നിലപാടെടുത്തതിന് പിന്നാലെ ആദ്യം സിപിഎം ഡോ. പ്രഭുദാസിനെതിരെ രംഗത്തെത്തിയിരുന്നു. കോട്ടത്തറ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്ന ഡോ. പ്രഭുദാസിന്‍റെ ആരോപണത്തിന് പന്നാലെയാണ് സിപിഎമ്മിന്‍റെ പ്രത്യാരോപണം. സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു, കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി മാനേജിങ് കമ്മിറ്റി അംഗവും പുതൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ രാജേഷ് എന്നിവരാണ് പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയര്‍ത്തി രംഗത്തെത്തിയത്. കാന്‍റീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗം രാജേഷിന്‍റെ ആരോപണം.
ഇതിന് പിന്നാലെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ആശുപത്രി സൂപ്രണ്ടിനെതിരെ തിരിഞ്ഞു. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയും എതിരായി തിരിഞ്ഞതോടെ പ്രഭുദാസിന്‍റെ പ്രതിരോധം ഒറ്റയ്ക്കായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam