
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോക്ടർ റാമിനെ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി വിട്ടയച്ചു. രണ്ടു ദിവസത്തിനകം ഹാജരാകണമെന്ന് അവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകാൻ റാമിനെ കൂട്ടികൊണ്ട് പോകുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരണം.
കർണാടകയിലെ കുടകിൽ നിന്നാണ് ഇന്ന് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. നിതിൻ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോളാണ് കേസിലെ പ്രധാന പ്രതിയായ ഡോക്ടർ എം കെ റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴികയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി പിടികൂടി കണ്ണൂരിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയെങ്കിലും സുപ്രീം കോടതിയുടെ മാനദണ്ഡങ്ങളും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് കുടുംബത്തോടൊപ്പം കാറിൽ മടങ്ങാൻ ഒരുങ്ങിയ ഡോ. റാമിനെ കോടതിക്ക് പുറത്തുവെച്ച് ക്രൈംബ്രാഞ്ച് സംഘം ബലം പ്രയോഗിച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റാമിനെ ക്രൈം ബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വകുപ്പ് മേധാവിയെന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് റാമിനായി ക്രൈം ബ്രാഞ്ച് അന്വേഷണം.
താടി വെച്ചു രൂപം മാറിയ റാം സ്വന്തം നാടായ ആന്ധ്ര പ്രദേശിലെ ചിറ്റൂരിലും, ഗുണ്ടൂരിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് കുടകിലേക്ക് കടന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ രണ്ടു സഹായികൾക്കൊപ്പമായിരുന്നു ഒളിവ് ജീവിതം. റാം പിടിയിലായതിൽ സന്തോഷമുണ്ടെന്നും കുറ്റക്കാരായ മറ്റധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും നിതിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam