തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

Published : Dec 28, 2025, 04:58 PM ISTUpdated : Dec 28, 2025, 07:10 PM IST
dr shahana death

Synopsis

എൻ സലാവുദീനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സ്ത്രീധനം കൂട്ടി നൽകാത്തതിനെ തുടർന്ന് സുഹൃത്തായ ഡോക്ടർ ഉവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2024ലായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ആയിരുന്ന ഡോക്ടർ എ ജെ ഷഹനയുടെ ആത്മഹത്യ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എം സലാഹുദ്ദീനെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമാണ് എം സലാഹുദ്ദീൻ. മലയിൻകീഴ് ഇരട്ടക്കൊലക്കേസിലെ പ്രത്യേക പ്രോസിക്യൂട്ടറായ സലാഹുദ്ദീൻ അമ്പലമുക്ക് വിനീത കൊലക്കേസിലും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. 2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനി ആയിരുന്ന ഷഹ്ന ആത്മഹത്യ ചെയ്തത്. ഉയർന്ന അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചായിരുന്നു ആത്മഹത്യ.

മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനം നൽകാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഷഹനയുടെ സുഹൃത്തായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡോ. ഇഎ റുവൈസിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും റുവൈസിന്‍റെ വീട്ടുകാർ സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. പിന്നാലെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ചും റുവൈസ് സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് ഷഹനയെ പരിഹസിച്ചിരുന്നു. ഈ പരിഹാസമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസിൽ പ്രതിചേർക്കപ്പെട്ട റുവൈസിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതിക്ക് ഹൈക്കോടതിയാണ് പിന്നീട് ജാമ്യം അനുവദിച്ചത്.

''അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ. ഞാൻ വ‍ഞ്ചിക്കപ്പെട്ടു.'' ഒപി ടിക്കറ്റിന്റെ പിറകിൽ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തിൽ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കേസ്; കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനിൽ വീണ്ടും ഹാജരാകും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം