'പാവങ്ങളുടെ ഓർമ്മകളെ ഇനിയും അപഹസരിക്കരുത്'; പ്രതിപക്ഷ നേതാവിന് മറുപടിയുമായി തോമസ് ഐസക്

Published : Oct 30, 2025, 04:15 PM IST
VD Satheesan

Synopsis

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദത്തിന് മറുപടിയുമായി മുന്‍ധനമന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിന് മറുപടിയുമായി മുൻധനമന്ത്രി ഡോ. തോമസ് ഐസക്. നിയമസഭയിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കുടിശിക ഇല്ലെന്ന് ഞാൻ പറഞ്ഞു എന്നതാണ് സതീശന്റെ വാദമെന്നും അതിനുശേഷം എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നുവെന്നും തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുകയെന്നും അദ്ദേഹം ചോദിച്ചു. 

25 മാസത്തെ വരെ കുടിശിക കൊടുക്കാൻ പഞ്ചായത്ത് ഡയറക്ടർക്കും വിവിധ ക്ഷേമനിധികൾക്കും അനുവാദം നൽകി. കുടിശിക പരമാവധി 15000 രൂപയേ ഉടൻ കൊടുക്കൂവെന്ന് പരിധി നിശ്ചയിച്ചു. 1473 കോടി രൂപയാണ് കുടിശിക ഇനത്തിൽ കൊടുത്തുതീർത്തത്. അന്ന് മൊത്തം ക്ഷേമ പെൻഷൻകാരുടെ എണ്ണം 34 ലക്ഷമായിരുന്നു. അതിൽ ഗണ്യമായൊരു പങ്ക് അവസാന വർഷം മന്ത്രി മുനീർ, ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ ചേർത്തതായിരുന്നു. 75% പേർക്ക് കുടിശിക ഉണ്ടായിരുന്നുവെന്ന് കണക്കാക്കുകയാണെങ്കിൽ തന്നെ ഓരോരുത്തർക്കും 10 മാസത്തിലേറെ കുടിശികയുണ്ടായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. 

2016 ഓണത്തിന് 15000 രൂപ വരെ കുടിശിക തീർത്തുകിട്ടിയപ്പോൾ ആഹ്ലാദിക്കുന്ന പാവപ്പെട്ടവരെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകൾ, അവർ ഒപ്പിട്ട് കാശ് വാങ്ങിയ രസീതുകൾ എല്ലാം ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. ദയവ് ചെയ്ത് പാവങ്ങളുടെ ഓർമ്മകളെ ഇനിയും അപഹസരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നെ സാക്ഷിയായി വിളിച്ചിരിക്കുന്നു. നിയമസഭയിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കുടിശിക ഇല്ലെന്ന് ഞാൻ പറഞ്ഞു എന്നതാണ് സതീശന്റെ വാദം. അതിനുശേഷം എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നു, തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നു. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുക.

1) എൽഡിഎഫ് 2016-ൽ അധികാരത്തിൽ വരുമ്പോൾ കുടിശിക എത്രയെന്ന് ഒരു എത്തുംപിടിയുമില്ലാത്ത സ്ഥിതിയായിരുന്നു. ഓരോ പെൻഷന്റെയും നില വ്യത്യസ്തമായിരുന്നു. പുതിയ സർക്കാർ ഏതായാലും കുടിശിക മുഴുവൻ ഓണത്തിനു കൊടുത്തു തീർക്കാൻ തീരുമാനിച്ചു. പക്ഷേ, ഒരു പരിധി നിശ്ചയിച്ചു. കുടിശിക പരമാവധി 15000 രൂപയേ ഉടൻ കൊടുക്കൂ. അപ്പോൾ നിങ്ങൾ കണക്കു കൂട്ടൂ. എത്ര മാസത്തെ കുടിശികയാണു കൊടുക്കാൻ ഉണ്ടായിരുന്നതെന്ന്. 600 രൂപ ആയിരുന്നല്ലോ അന്നത്തെ പെൻഷൻ. 25 മാസത്തെ വരെ കുടിശിക കൊടുക്കാൻ പഞ്ചായത്ത് ഡയറക്ടർക്കും വിവിധ ക്ഷേമനിധികൾക്കും അനുവാദം നൽകി. ആ ഉത്തരവാണ് ആദ്യ കമന്റിൽ കൊടുത്തിട്ടുള്ളത്. ഇതാണ് ഒന്നാമത്തെ തെളിവ്.

2) അങ്ങനെ എത്ര കോടിരൂപയുടെ കുടിശിക തീർത്തു? 1473 കോടി രൂപ. ശ്രീ. രാജു എബ്രഹാമിന് 3-3-2020-ൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 425-ന് മറുപടിയായിട്ടാണ് ഈ തുക വെളിപ്പെടുത്തിയത്. (ഈ രണ്ടാമത്തെ തെളിവ് രണ്ടാമത്തെ കമന്റായി കൊടുത്തിരിക്കുന്നു) അന്ന് മൊത്തം ക്ഷേമ പെൻഷൻകാരുടെ എണ്ണം 34 ലക്ഷമാണ്. അതിൽ ഗണ്യമായൊരു പങ്ക് അവസാന വർഷം മന്ത്രി മുനീർ, ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾ ആക്കിയതായിരുന്നു. 75% പേർക്ക് കുടിശിക ഉണ്ടായിരുന്നുവെന്ന് കണക്കാക്കുകയാണെങ്കിൽ ഓരോരുത്തർക്കും 10 മാസത്തിലേറെ കുടിശികയുണ്ട്.

3) ഇനി മൂന്നാമത്തെ തെളിവ്. 2016 ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട യുഡിഎഫ് ഭരണക്കാലത്തെ പെൻഷൻ വിതരണത്തെക്കുറിച്ചുള്ള സി&എജി റിപ്പോർട്ട്. (മൂന്നാമത്തെ കമന്റിൽ) 32 തദ്ദേശഭരണ സ്ഥാപനങ്ങളെ സാമ്പിളായി പഠിച്ചതിൽ എല്ലാ സ്ഥാപനങ്ങൾക്കും കുടിശികയുണ്ട്. “സഞ്ചിത കുടിശിക 2014 സെപ്തംബർ 2015 ജനുവരി വരെയുള്ളതാണ്. എന്നാൽ കോഴിക്കോട് കോർപ്പറേഷനിൽ കുടിശിക 2013 സെപ്തംബർ മുതലാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിൽ കുടിശിക 2014 ഏപ്രിൽ മുതലാണ്.” എന്നുവച്ചാൽ കോഴിക്കോട് കോർപ്പറേഷനിൽ കുടിശിക 20 മാസത്തേതാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിൽ കുടിശിക 13 മാസത്തേതാണ്. ഇങ്ങനെ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും.

4) 2016 ഓണത്തിന് 15000 രൂപ വരെ കുടിശിക തീർത്തുകിട്ടിയപ്പോൾ ആഹ്ലാദിക്കുന്ന പാവപ്പെട്ടവരെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകൾ, അവർ ഒപ്പിട്ട് കാശ് വാങ്ങിയ രസീതുകൾ എല്ലാം ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. അവയിൽ ചിലത് (നാല്, അഞ്ച് കമന്റുകളിൽ) കൊടുത്തിരിക്കുന്നു. ദയവ് ചെയ്ത് പാവങ്ങളുടെ ഓർമ്മകളെ ഇനിയും അപഹസരിക്കരുത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്