'ഏക മകളല്ലേ, ഞങ്ങൾക്ക് വേറെ ആശ്രയമുണ്ടോ, സത്യം അറിയണ്ടേ'; സിബിഐ അന്വേഷണം, അപ്പീൽ നല്‍കുമെന്ന് വന്ദനയുടെ പിതാവ്

Published : Feb 07, 2024, 11:09 AM ISTUpdated : Feb 07, 2024, 11:35 AM IST
'ഏക മകളല്ലേ, ഞങ്ങൾക്ക് വേറെ ആശ്രയമുണ്ടോ, സത്യം അറിയണ്ടേ'; സിബിഐ അന്വേഷണം, അപ്പീൽ നല്‍കുമെന്ന് വന്ദനയുടെ പിതാവ്

Synopsis

കോടതിയിൽ അതി ശക്തമായാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിർത്തത്..പൊലീസിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാവില്ലെന്ന് വന്ദനയുടെ പിതാവ്

കോട്ടയം: ഡോ, വന്ദനദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ് അറിയിച്ചു. കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്നായിരുന്നു ആഗ്രഹം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് വന്ദനയുടെ പിതാവ് പറഞ്ഞു.

20 തവണയാണ് ഹർജി മാറ്റിവച്ചത്. 6 ജഡ്ജിമാർ മാറി വന്നു. അതിനൊടുവിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന വിധി വന്നത്.ഇതുവരെ സർക്കാരിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. കോടതിയിൽ അതി ശക്തമായാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിർത്തത്. അത് എന്തിനെന്ന് മനസിലാകുന്നില്ല. എഡിജിപി ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥർ ഹാജരായി ഞങ്ങളുടെ വാദത്തെ എതിർത്തു. അപ്പീൽ ഡിവിഷൻ ബഞ്ചിന് നൽകും. ആക്രമണം നടന്ന് നാലര മണിക്കൂറോളം മകൾക്ക് ചികിൽസ കിട്ടിയില്ല. സംഭവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വിശ്വാസ യോഗ്യമല്ലെന്ന് പിതാവ് പറയുന്നു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാർ അക്രമിയെ പിടിച്ചു മാറ്റാൻ പോലും തയാറായില്ല. ഒപ്പമുണ്ടായിരുന്ന എല്ലാവരും ഓടി മാറി. മകൾ നിലവിളിച്ചിട്ടും ആരും രക്ഷിക്കാൻ വന്നില്ല. പൊലീസിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മകൾക്ക് പ്രാഥമിക ചികിൽസ പോലും നൽകിയില്ല. മുറിവുകളിലെ  രക്തം പോലും തുടച്ചു മാറ്റിയില്ല. ഒരു ഡോക്ടർ പോലും ആംബുലൻസിൽ  ഒപ്പം പോയില്ല.പൊലീസിന് വീഴ്ചയില്ലെന്ന് ഹൈക്കോടതി പറഞ്ഞാൽ എങ്ങിനെ ശരിയാവും. എന്‍റെ  ഏക മകളല്ലേ, ഞങ്ങൾക്ക് ഇനി വേറെ ആശ്രയമുണ്ടോ, ഞങ്ങൾക്ക് സത്യം അറിയണ്ടേ.

 

ആരാണ് മകൾക്ക് ചികിൽസ വൈകിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആശുപത്രി സംരക്ഷണ നിയമം പാസാക്കാൻ ഐ എം എ  മകളുടെ രക്തസാക്ഷിത്വം ഉപയോഗിച്ചു. ഒരു ഡോക്ടർ കൊല്ലപ്പെടുമെന്ന് ഐ എം എ നേതാക്കൾ പറഞ്ഞിരുന്നു. മെയ് 10 ന് മകൾ കൊല്ലപ്പെട്ടു. 17 ന് നിയമം പാസാക്കി.നേരിട്ടല്ലെങ്കിലും അവസരം കിട്ടിയപ്പോൾ അവരൊക്കെ അത് ഉപയോഗിച്ചുവെന്ന് മോഹന്‍ദാസ് കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല', നടക്കുന്നത് തെറ്റായ പ്രചാരണം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'