കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും. റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കുടുംബം ആരോപണം ഉന്നയിച്ചതിനെ തുടർന്ന് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ബംഗളൂരു: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബന്നാർഘട്ടയിലെ നേച്ചർസ് കാസ്കേഡിലാണ് സംസ്കാരം. രാവിലെ 10 മണിക്ക് ഇവിടെ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനത്തിന് വയ്ക്കും. സെന്‍റ് ജോസഫ്സ് സിറോ മലബാർ പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാല് മണിക്കാണ് സംസ്കാരം. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. വെസ്റ്റ് സോൺ ജോയിന്‍റ് കമ്മീഷണർ സി വംശി കൃഷ്ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. റോയി ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദ്ദം ആണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഈ സാഹചര്യത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് ഇന്ന് കടക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വ്യവസായ പ്രമുഖനും കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വെടിയുണ്ട റോയിയുടെ ഇടത് നെഞ്ച് തകർത്ത് പിൻഭാഗത്ത് കൂടി കടന്നുപോയതായാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ട ശ്വാസകോശവും ഹൃദയവും തുളച്ചുകയറി. 6.35 മില്ലീമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. നെഞ്ചിനു നേരെ തോക്കു ചൂണ്ടി വെടിയുതിർത്തതായിരിക്കാം എന്നതാണ് പ്രാഥമിക അനുമാനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നീട് പുറത്തുവരും.


