റീബിൽഡ് കേരള ഇനീഷിയേറ്റീവ് സി ഇ ഒ സ്ഥാനത്ത് നിന്ന് ഡോക്ടർ വി വേണുവിനെ മാറ്റി

By Web TeamFirst Published May 10, 2020, 11:56 PM IST
Highlights

പ്രളയപുനർനിർമ്മാണത്തിനായി കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് റീബിൽഡ് കേരള ഇനീഷ്യേറ്റീവ്. റവന്യു സെക്രട്ടറിയായ വേണുവിനായിരുന്നു തുടക്കം മുതൽ തന്നെ റീബിൽഡ് കേരളയുടെ മേധാവി സ്ഥാനം.

കൊച്ചി: റീബിൽഡ് കേരള ഇനീഷിയേറ്റീവ് സി ഇ ഒ സ്ഥാനത്ത് നിന്ന് ഡോക്ടർ വി വേണുവിനെ മാറ്റി. ധനകാര്യ വകുപ്പ് സെക്രട്ടറിയായ രാജേഷ് കുമാർ സിംഗിനാണ് പകരം ചുമതല. റീബിൽഡ് കേരളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കുമിടെയാണ് സ്ഥാനമാറ്റം.

പ്രളയപുനർനിർമ്മാണത്തിനായി കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് റീബിൽഡ് കേരള ഇനീഷ്യേറ്റീവ്. റവന്യു സെക്രട്ടറിയായ വേണുവിനായിരുന്നു തുടക്കം മുതൽ തന്നെ റീബിൽഡ് കേരളയുടെ മേധാവി സ്ഥാനം. സെക്രട്ടറിയേറ്റിന് പുറത്ത് വൻതുക മുടക്കി പ്രത്യേക ഓഫീസെടുത്തത് അടക്കം പല തീരുമാനങ്ങളും വിവാദമായി. പുനർനിർമ്മാണത്തിനായി കഴിഞ്ഞ സെപ്റ്റംബറിൽ ലോകബാങ്ക് 1780 കോടി അനുവദിച്ചു, എന്നാൽ ഒരു പൈസ പോലും റീബിൽഡ് കേരളയ്ക്ക് കിട്ടിയില്ല.

തുക ധനവകുപ്പ് വകമാറ്റി ചെലവഴിച്ചതിൽ വേണു പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞബജറ്റിൽ 1000 കോടി രൂപ റീബിൽഡിനായി വകയിരുത്തിയെങ്കിലും ഒന്നും നടന്നില്ല. പുനർനിർമാണപദ്ധതികൾ എങ്ങുമെത്താത്തതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അതൃപ്തിയിലാണ്.

ഇതിനിടെയാണ് സർവേ ഡയറക്ടറുടെ മാറ്റവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുമായുണ്ടായ തർക്കം. സർവ്വേ ഡയറക്ടറെ മാറ്റാനുളള മന്ത്രിസഭ തീരുമാനത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ രംഗത്തെത്തിയത് ഏറെ ചർച്ചയായി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച ഡോ വേണു അവധിയിൽ പോയിരുന്നു. സർക്കാരുമായി ഏറ്റവും അടുപ്പമുളള ഉദ്യോഗസ്ഥരിൽ ഒരാളായ വേണുവിന്റെ സ്ഥാനചലനം ഇതിന്റെയെല്ലാം തുടർച്ചയായെന്നാണ് സൂചന.

റീബിൽ‍ഡ് കേരളയിൽ വേണു അംഗമായി തുടരും. ഈമാസം മുപ്പതിന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിനെ റീബിൽഡ് കേരളയുടെ തലപ്പത്തേക്ക് കൊണ്ടുവരുമെന്നും സൂചനയുണ്ട്. എന്നാൽ വേണുവിനെ മാറ്റിയതിന് പിന്നില്‍ അസ്വാഭാവികത ഇല്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

click me!