
കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള കരട് വോട്ടര്‍ പട്ടിക ഈ മാസം 20ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയായതിനാല്‍ 2015ന് ശേഷം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പേര് ചേര്‍ക്കേണ്ടി വരും. 30 ലക്ഷത്തോളം പേര്‍ക്ക് പേര് ചേര്‍ക്കേണ്ടി വരുമെന്നാണ് കണക്ക്. ഫെബ്രുവരി 28നാണ് അന്തിമ പട്ടിക നിലവില്‍ വരിക.
സംസ്ഥാനത്ത് നിലവിലുളള തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാലാവധി വരുന്ന നവംബര്‍ ഒന്നിന് പൂര്‍ത്തിയാകുന്നതിനാല്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം. ഇതിനായുളള കരട് വോട്ടര്‍പട്ടികയാണ് ഈ മാസം 20ന് പ്രസിദ്ധീകരിക്കുന്നത്. കരട് പട്ടികയെന്നാല്‍ 2015ല്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ അതേ പട്ടിക ആയതിനാല്‍ ഇതിനു ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരെല്ലാം ഫെബ്രുവരി 28നകം പേര് ചേര്‍ക്കേണ്ടതുണ്ട്.
എങ്കില്‍ മാത്രമേ പഞ്ചായത്ത്, നഗരസഭാ, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനാകൂ. അതായത് കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യമായി വോട്ട് ചെയ്തവരെല്ലാം പേര് ചേര്‍ക്കേണ്ടി വരും. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി കരട് പട്ടിക പ്രസിദ്ധീകരിച്ചാല്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കാമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നെങ്കിലും ബൂത്തുകളുടെ അതിര്‍ത്തി വ്യത്യസ്തമായതിനാല്‍ ഇത് പ്രായോഗികമല്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.
അതിനിടെ പഞ്ചായത്ത് -മുൻസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്ത് വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുളള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അനുമതി കിട്ടിയാല്‍ 15000 വരെ ജനസംഖ്യയുളള പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം 13 എന്നത് 14 ആകും. പഞ്ചായത്തുകളിലെ പരമാവധി അംഗങ്ങളുടെ എണ്ണം നിലവില്‍ 23 ആണ്, ഇത് 24 ആയും ഉയരും.
നഗരസഭകളിലും കോര്‍പറേഷനുകളിലും സമാനമായ രീതിയില്‍ ഓരോ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. വാര്‍ഡുകളിലെ ജനസംഖ്യയില്‍ പൊരുത്തക്കേടുണ്ടെന്നും ഇത് പരിഹരിക്കാനാണ് പുനസംഘടനയെന്നുമാണ് സര്‍ക്കാര്‍ ഭാക്ഷ്യമെങ്കിലും വിഭജനത്തില്‍ രാഷ്ട്രീയം കലരാനുളള സാധ്യതയും ഏറെയാണെന്നാണ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam