
എടപ്പാൾ: ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ക്കിടയില്‍ യുവാവും യുവതിയും പ്രണയിക്കാൻ തെരഞ്ഞെടുത്തത് ആശുപത്രി പരിസരം. വീട്ടമ്മയായ കാമുകിയെ കാണാൻ വേണ്ടിയാണ് യുവാവ് എടപ്പാൾ സിഎച്ച്സി ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഉച്ചയ്ക്ക് 2 മുതൽ യുവാവും യുവതിയും തമ്മിൽ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരുന്നു. എന്തിനാണ് എത്തിയതെന്ന ആരോഗ്യപ്രവർത്തകരുടെ ചോദ്യത്തിന് ഇവർ വ്യക്തമായ മറുപടി നൽകിയില്ല.
വൈകിട്ട് 5.30ന് ജീവനക്കാർ വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും ഇവർ ആശുപത്രിയിൽ നിന്നും മടങ്ങിയിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവ് സ്ഥലംവിട്ടു. തൊട്ടുപിന്നാലെ യുവതിയും മടങ്ങിപ്പോയി. എന്നാൽ കുറച്ച് സമയത്തിന് ശേഷം യുവാവ് തിരികെയെത്തി ആരോഗ്യപ്രവർത്തകരോടു വാക്കേറ്റത്തിലേർപ്പെട്ടു. തങ്ങൾ ഇവിടെ ഇരിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്താണു പ്രശ്നമെന്നായിരുന്നു യുവാവിന്റെ ചോദ്യം. അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. വിലാസം ചോദിച്ചെങ്കിലും നൽകാൻ ഇയാൾ തയ്യാറായില്ല.
ഒടുവിൽ ആരോഗ്യപ്രവർത്തകർ പൊലീസിനു വിവരം നൽകിയതോടെ യുവാവ് വാഹനവുമായി കടന്നു. അന്വേഷണത്തിൽ പെരുമ്പറമ്പ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam