ആലപ്പുഴയിലെ കുടിവെള്ള പ്രശ്‍നം; പൊട്ടിയ കുടിവെള്ള പൈപ്പ് മൂന്ന് മാസത്തിനുളളിൽ മാറ്റി സ്ഥാപിക്കും

By Web TeamFirst Published Nov 11, 2019, 2:37 PM IST
Highlights

ആലപ്പുഴയിലെ കുടിവെളള പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ പ്രശ്‍ന ബാധിത മേഖലയായ ഒന്നര കിലോമീറ്ററിൽ പൈപ്പ് പൂർണ്ണമായും മാറ്റിസ്ഥാപിക്കാനാണ് തീരുമാനം. 
 

ആലപ്പുഴ: ആലപ്പുഴയിൽ പൊട്ടിയ കുടിവെള്ള പൈപ്പ് മൂന്ന് മാസത്തിനുളളിൽ മാറ്റി സ്ഥാപിക്കും. നിലവിലെ പാതയിലൂടെ തന്നെയായിരിക്കും നിർമ്മാണം. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്‍റെ ചെലവ് കരാറുകാരൻ തന്നെ വഹിക്കാനും മന്ത്രിതല യോഗത്തിൽ തീരുമാനമായി. ആലപ്പുഴയിലെ കുടിവെളള പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ പ്രശ്‍ന ബാധിത മേഖലയായ ഒന്നര കിലോമീറ്ററിൽ പൈപ്പ് പൂർണ്ണമായും മാറ്റിസ്ഥാപിക്കാനാണ് തീരുമാനം. 

നിലവിലെ ഹൈ ഡെൻസിറ്റി പോളി എത്തിലീൻ പൈപ്പ് മാറ്റി കൂടുതൽ ഗുണമേന്മയുളള സ്റ്റീൽ പൈപ്പ് സ്ഥാപിക്കും. നിലവിലെ പാതയിലൂടെ തന്നെ പൈപ്പ് നിർമ്മാണം നടത്തണമെന്ന് ജലവകുപ്പും പ്രധാനപാത ഉപേക്ഷിച്ച് പൈപ്പിടണമെന്ന് പൊതുമരാമത്ത് വകുപ്പും നിലപാടെടുത്തു. എന്നാൽ അലൈൻമെന്‍റ് മാറ്റുന്നത് 15 കോടി അധികച്ചെലവുണ്ടാക്കുമെന്നും കാല താമസമുണ്ടാക്കുമെന്നും ജലഅതോറിറ്റി വ്യക്തമാക്കി. 

ഇതോടെയാണ് റോഡിന് പരമാവധി കോട്ടം തട്ടാതെ അതേപാതയിൽ നിർമ്മിക്കാൻ തീരുമാനമായത്. നിലവാരക്കുറവാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തി. പൈപ്പ് പൊട്ടിയ ഇടങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണി തുടരുകയാണ്. വൈകുന്നേരത്തോടെ പമ്പിങ് പുനരാരംഭിക്കം എന്നാണ് ജലഅതോറിറ്റി കണക്കാക്കുന്നത്.

click me!