
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി രണ്ടു ദിവസം പിന്നിട്ടെങ്കിലും പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാൾ എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. കുതിരവട്ടം ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഇയാളുടെ വീടും ബന്ധുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ടത്.
വിചാരണ തടവുകാരനായി കഴിയുന്നതിനിടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്നാം വാര്‍ഡിൽ നിന്ന് വിനീഷ് രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമര്‍ തുരന്നശേഷം ചുറ്റുമതിൽ ചാടിയാണ് പ്രതി രക്ഷപ്പെട്ടത്. 2021ൽ വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്. കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 10നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ നിന്നാണ് പ്രതി ശുചിമുറി വഴി പുറത്ത് ചാടി രക്ഷപ്പെട്ടത്. രണ്ട് വർഷം മുൻപും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam