
തൃശ്ശൂര്‍: കൊട്ടേക്കാട് രണ്ട് വാഹനങ്ങള്‍ മത്സര ഓട്ടം നടത്തി ടാക്സി കാറിലിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ജീപ്പിന്‍റെ ഡ്രൈവര്‍ ഷെറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേക്കാട് സെന്‍ററില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെ ബിഎംഡബ്ലിയു കാറിനോട് മത്സരിച്ചെത്തിയ ഥാര്‍ ജീപ്പ് ടാക്സി യാത്രക്കാരന്‍റെ ജീവനെടുത്ത സംഭവത്തിലാണ് ഥാറിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഷെറിന്‍ മദ്യ ലഹരിയിലായിരുന്നെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. മനപ്പൂര്‍വ്വമായ നരഹത്യ, മദ്യ ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി.
ഗുരുവായൂരില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന രവിശങ്കറും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഥാറും ബിഎംഡബ്ലിയു കാറും ചീറിപ്പാഞ്ഞ് വരുന്നത് കണ്ട് ടാക്സി വേഗത കുറച്ചെങ്കിലും നിയന്ത്രണം വിട്ട ഥാര്‍ ടാക്സി വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. മുന്‍സീറ്റിലിരുന്ന രവിശങ്കര്‍ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. രവിശങ്കറിന്‍റെ ഭാര്യ മായ, മകള്‍ ദിവ്യ, നാല് വയസ്സുകാരി ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയിൽ തുടരുകയാണ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഥാർ അമിത വേഗതയില്‍ ആയിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു. എതിരെ വന്ന വാഹനത്തെ കാണാൻ പോലും പറ്റിയിരുന്നില്ലെന്നും അത്രക്കും വേഗതയിൽ ആയിരുന്നു എതിരെ വാഹനം വന്നതെന്നുമാണ് മായ പറഞ്ഞത്.
ഥാര്‍ ജീപ്പ് ഓടിച്ച ഷെറിനൊപ്പം വാഹനത്തിനുണ്ടായിരുന്നത് പൊങ്ങണംകാട്, അന്തിക്കാട് സ്വദേശികളെന്ന് തിരിച്ചറിഞ്ഞു. അപകടം നടന്നതിന് പിന്നാലെ ഥാറിലുണ്ടായിരുന്ന രണ്ട് പേരും ഓടി രക്ഷപെട്ടിരുന്നു. ഇവരും വൈകാതെ വലയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഥാറിനൊപ്പം മത്സരിച്ചോടിയ ബിഎംഡബ്ലിയു കാര്‍ കണ്ടെത്താനും നീക്കമാരംഭിച്ചു.
Read Also : മദ്യലഹരിയിൽ മൽസരയോട്ടം; പരിക്കേറ്റ 4 പേർ അപകടനില തരണം ചെയ്തു, ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മൊഴി