
കണ്ണൂർ : വടക്കെ പൊയിലൂരിൽ അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ലഹരിക്കടിമയായ മകൻ അറസ്റ്റിൽ. കൊളവല്ലൂർ പൊലീസാണ് നിഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ജാനുവിനെ നിഖിൽ രാജ് വെട്ടി പരുക്കേൽപ്പിച്ചത്.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവമുണ്ടായത്. പട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലെത്തിയത്. നിഖിൽ രാജ് വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. വെട്ടേറ്റ ജാനുവിനെ ആശുപത്രിയിലെത്തിച്ചതും പൊലീസാണ്.
ജാനുവിന്റെ ഇരു കൈകളിലും തുന്നലിട്ടിട്ടുണ്ട്. ജാനുവോ നാട്ടുകാരോ രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുക്കാനാവില്ലെന്നായിരുന്നു ആദ്യം പൊലീസ് നിലപാട്. എന്നാൽ നിഖിൽ രാജ് സമീപവാസികൾക്കെല്ലാം ഭീഷണിയാണെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം, സംഘം അറസ്റ്റിൽ
കോട്ടയം നീണ്ടൂരിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തെ ഏറ്റുമാനൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒന്നേകാൽ കിലോ കഞ്ചാവ് സംഘത്തിൽ നിന്നും പിടിച്ചെടുത്തു. നീണ്ടൂർ ആയിര വേലി ഭാഗത്ത് വില്ലൂന്നി സ്വദേശികളായ യുവാക്കളാണ് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയത്. റൊണാൾഡോ എന്ന ടുട്ടു, അജിത്ത് എന്നിവരാണ് അറസ്റ്റിലായയത്. എക്സൈസ് സംഘം എത്തിയതോടെ മൂവർ സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. വീട് വാടകയ്ക്ക് എടുത്ത വില്ലുന്നി സ്വദേശി ജിത്തുവാണ് രക്ഷപ്പെട്ടത്. ഒന്നര കിലോ കഞ്ചാവ് വീട്ടിൽനിന്ന് കണ്ടെടുത്തു. ഗാന്ധിനഗർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ പല കേസുകളിലും ഇവർ പ്രതികളാണെന്നും എക്സസൈസ് അറിയിച്ചു. ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam