
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത ലഹരി വസ്തുക്കൾ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. പനങ്കാവ് സ്വദേശി കെ റിജിലാണ് പിടിയിലായത്. ഈ കേസിൽ അത്താഴക്കുന്ന് സ്വദേശി മജീഫ്, പനങ്കാവ് സ്വദേശി അക്ഷയ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ മാസം ജയിലേക്ക് ബീഡി ഉൾപ്പെടെ എറിഞ്ഞ് നൽകുന്നതിനിടെ അക്ഷയ് പിടിയിലാവുകയും മജീഫും റിജിലും കടന്നുകളയുകയുമായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, ലഹരി വിൽപ്പനയും വ്യാപകമാണെന്ന് അക്ഷയടെ അറസ്റ്റിന് പിന്നാലെ വിശദമായിരുന്നു. കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനകത്ത് കരിഞ്ചന്തയിൽ മദ്യവും പുകയില ഉൽപ്പന്നങ്ങളും വ്യാപക വിൽപ്പന നടത്തുന്നതായാണ് ലഭിച്ച വിവരം. ഇവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സൂചനയുണ്ടായിരുന്നു. 400 രൂപയുടെ മദ്യത്തിന് ഈടാക്കുന്നത് നാലായിരം രൂപയാണ്. ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് ജയിലിലെ ലഹരി കച്ചവടം. ജയിലിന് പുറത്തുള്ള സംഘം അകത്തേക്ക് ലഹരി വസ്തുക്കളടക്കം എറിഞ്ഞ് കൊടുക്കും. പിന്നീട് ഇത് നാലിരട്ടി വിലക്ക് തടവുകാർക്കിടയിൽ അകത്തുള്ള സംഘം വിൽപ്പന നടത്തുമെന്നാണ് വിവരം.
അക്ഷയ്യെ ചോദ്യം ചെയ്തപ്പോഴാണ് ജയിലിനുള്ളിലെ ലഹരി കച്ചവടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. ജയിലിനുള്ളിൽ ഫോൺ സൂക്ഷിക്കുന്ന ആളുകളുണ്ട്. അവർ പുറത്തേക്ക് ആവശ്യ സാധനങ്ങൾ ഓർഡർ ചെയ്യും. സാധനവുമായി എത്തുന്ന സംഘം ആദ്യം ജയിലിനകത്തേക്ക് കല്ലെറിഞ്ഞ് സിഗ്നൽ നൽകും. പിന്നാലെ ഓർഡർ ചെയ്ത ലിസ്റ്റിലെ വസ്തുക്കൾ അകത്തേക്ക് എറിഞ്ഞ് കൊടുക്കും. ഇങ്ങനെ സാധനമെത്തിക്കുന്ന ആൾക്ക് 1000 രൂപ മുതൽ പ്രതിഫലം ലഭിക്കും.
കൊലക്കേസിലെ പ്രതികളും, രാഷ്ട്രീയ ഗൂഢാലോചന കേസിലെ പ്രതികളുൾപ്പെടെയുള്ള സംഘമാണ് കച്ചവടം നിയന്ത്രിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി വിൽപ്പന ഉണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. തനിക്ക് കിട്ടിയ മട്ടൻ കറി കൊടുത്ത് കഞ്ചാവ് ബീഡി വാങ്ങിയെന്നെല്ലാം അന്ന് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam