
പാലക്കാട്: വാളയാറിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി. രണ്ട് ഒഡിഷ സ്വദേശികളാണ് കഞ്ചാവ് കടത്തിയത്. കാന്തമാൽ സ്വദേശി റൂണ കഹാർ, ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര എന്നിവരാണ് പിടിയിലായത്. ഒഡിഷയിൽ നിന്നും അതിഥി തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസിലാണ് കഞ്ചാവ് കടത്തിയത്. അതിഥി തൊഴിലാളികൾക്കിടയിൽ ചില്ലറ വില്‍പ്പന നടത്തുന്നതിനാണ് എന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക നിഗമനം.
ബാഗ് പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂരിൽ 10 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കണ്ണൂർ മാണിയൂർ സ്വദേശി ഹിബ മൻസിലിൽ മൻസൂർ ആണ് പിടിയിലായത്. ഇന്നലെ രാത്രി 10 മണിയോടെ വളപട്ടണം പാലത്തിൽ വാഹന പരിശോധന നടത്തുമ്പോൾ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വളപട്ടണം പാലത്തിന് സമീപം പതിവ് പരിശോധനയിലായിരുന്നു എക്സൈസ്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് മൻസൂറിൻ്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. രണ്ട് പൊതികളിലായാണ് 10 കിലോ കഞ്ചാവ് ബാഗിൽ സൂക്ഷിച്ചിരുന്നത്. 2019 ൽ കഞ്ചാവ് കടത്തിയതിന് ഇരിട്ടി റേഞ്ചിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ മൻസൂർ എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളുടെ മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മൻസൂറിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
ടൈഗർ ബാമിലും പെൻസിൽ ഷാർപ്‍നറിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, കരിപ്പൂരിൽ യാത്രക്കാരന്‍ പിടിയില്‍
കരിപ്പൂരില്‍ പെന്‍സില്‍ ഷാര്‍പ്പ്നര്‍, ബാം കുപ്പി തുടങ്ങിയ വസ്തുക്കളില്‍ വിദഗ്ദമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീറാണ് സ്വര്‍ണ്ണം വിദഗ്ധമായി കടത്താന്‍ ശ്രമിച്ചത്. പതിനാറ് പെന്‍സില്‍ ഷാര്‍പ്പനറാണ് മുഹമ്മദ് ഷബീര്‍ കൊണ്ടുവന്നത്. എല്ലാത്തിന്‍റെയും ഉള്ളില്‍ സ്വര്‍ണ്ണം പെയിന്‍റടിച്ച് വിദ്ഗദമായി ഒളിപ്പിച്ചിരുന്നു. രണ്ട് ലേഡീസ് ബാഗിന്‍റെ വശങ്ങളിലും സ്വര്‍ണ്ണക്കമ്പികള്‍ ഒളിപ്പിച്ച് വച്ചു. ചെറിയ ബാം കുപ്പിയുടെ മൂടിയുടെ അടിയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. ഇതുപോലുള്ള പത്ത് കുപ്പികള്‍ കൊണ്ടുവന്നു. വിവിധ വസ്തുക്കളുടെ ഉള്ളില്‍ ചെറിയ അളവില്‍ സ്വര്‍ണ്ണം കൊണ്ടുവന്നാല്‍ രക്ഷപ്പെടാമെന്നായിരുന്നു കാരിയര്‍ കരുതിയത്. എന്നാല്‍ കസ്റ്റംസിന്‍റെ സ്കാന്‍ പരിശോധനയില്‍ പിടിക്കപ്പെട്ടു. 769 ഗ്രാം സ്വര്‍ണ്ണമാണ് കടത്തിയത്.