
കോട്ടയം: വൈക്കത്ത് മദ്യലഹരിയിൽ ഭാര്യയും മക്കളുമായി കലഹിച്ച ഗൃഹനാഥൻ രാത്രി വീടിനു തീയിട്ടു. വീട്ടമ്മയും മൂന്നു മക്കളും അയൽ വീട്ടിലായിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. കത്തിയമർന്ന വീട്ടിലെ ഒരു മുറിയിൽ പുകയും ചൂടുമേറ്റ് അവശനിലയിൽ കണ്ടെത്തിയ ഗൃഹനാഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈക്കം മറവൻതുരുത്ത് പഞ്ഞിപ്പാലത്ത് നാരായണ ഭവനിൽ രാജീവാണ് മദ്യ ലഹരിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ സ്വന്തം വീട് കത്തിച്ചത്. മദ്യപിച്ചെത്തി ചൊവ്വാഴ്ച രാവിലെ മുതൽ രാജീവ് ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനാൽ അവരെ അയൽക്കാർ രാത്രി തന്നെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം അറിയാതെ വീണ്ടും മദ്യപിച്ചെത്തിയ രാജീവ് ഭാര്യയും മക്കളും കിടക്കുന്ന മുറിയിൽ പുലർച്ചെ തീയിട്ടശേഷം മറ്റൊരുമുറിയിൽ കിടന്നുറങ്ങി. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപ വാസികൾ ഓടിയെത്തി വീടിന്റെ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോൾ രാജീവിനെ കത്തിക്കൊണ്ടിരിക്കുന്ന മുറിയിലെകട്ടിലിൽ ബോധരഹിതനായി കണ്ടു.
വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജീവിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രവേശിപ്പിച്ചു. ഓടും ആസ്‌ബറ്റോസ് ഷീറ്റും മേഞ്ഞ വീട് പൂർണമായി കത്തി നശിച്ചു. കുടുംബാംഗങ്ങളുടെ വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ സർട്ടിഫിക്കറ്റുകൾ ,വീട്ടുപകരങ്ങൾ തുടങ്ങി ഏതാണ്ടെല്ലാം കത്തി നശിച്ചു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പ്രദേശവാസികളായ സുനിൽ ,മനോജ്, പ്രസന്നൻ എന്നിവർക്ക് നിസാര പരിക്കേറ്റു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam