തപാൽ ജീവനക്കാരിയുടെ ഭർത്താവ് മദ്യപിച്ചെത്തി നാട്ടുകാരുടെ ആധാർ രേഖകളടക്കം തൂക്കി വിറ്റു!

Published : Jan 23, 2021, 07:51 PM ISTUpdated : Jan 23, 2021, 07:53 PM IST
തപാൽ ജീവനക്കാരിയുടെ ഭർത്താവ് മദ്യപിച്ചെത്തി നാട്ടുകാരുടെ ആധാർ രേഖകളടക്കം തൂക്കി വിറ്റു!

Synopsis

പൊലീസെത്തി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കെട്ടുകണക്കിനുണ്ട് രേഖകൾ. പലതും പല മേൽവിലാസങ്ങളിൽ. വ്യാജ ആധാർ കാർഡുകളാണോ, അട്ടിമറിയാണോ എന്നൊന്നുമറിയാതെ ആദ്യം പൊലീസും അമ്പരന്നു. 

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ  ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. 

രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം കാട്ടാക്കടയിലെ സദാശിവന്‍റെ ആക്രിക്കടയിൽ നിന്നും ആധാർ രേഖകളുടെ കെട്ട് കണ്ടെത്തുന്നത്. സാധനങ്ങൾ തരം തിരിക്കുമ്പോഴാണ് കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ കണ്ടെത്തുന്നത്. കൂടെ ബാങ്കിൽ നിന്നും ഇൻഷൂറൻസ് കമ്പനികളിൽ നിന്നും രജിസ്ട്രേഷൻ ഓഫീസിൽ നിന്നുമടക്കമുള്ള രേഖകളും കണ്ടെത്തി. ഇതോടെ അമ്പരന്ന് പോയ ആക്രിക്കടക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കെട്ടുകണക്കിനുണ്ട് രേഖകൾ. പലതും പല മേൽവിലാസങ്ങളിൽ. വ്യാജ ആധാർ കാർഡുകളാണോ, അട്ടിമറിയാണോ എന്നൊന്നുമറിയാതെ ആദ്യം പൊലീസും അമ്പരന്നു. 

രേഖകളിലെ വിലാസം നോക്കിയാണ് കരകുളത്ത് തപാൽവകുപ്പിലെ താൽക്കാലിക ജീവനക്കാരിയിലേക്ക് അന്വേഷണമെത്തുന്നത്. അന്വേഷിച്ചെത്തി ചോദ്യം ചെയ്തപ്പോൾ മദ്യപിച്ചെത്തിയ ഭർത്താവാണ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും ആക്രിക്കടയിൽ കൊണ്ടു പോയി വിറ്റതെന്ന് ഇവർ സമ്മതിച്ചു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തപാൽ ജീവനക്കാരിയേയും ഭർത്താവിനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. തപാൽ ഉരുപ്പടികൾ നഷ്ടമായ ആരെങ്കിലും പരാതി നൽകിയാൽ ഇരുവർക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ