വൈക്കത്ത് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പക്ഷിപ്പനി അല്ലെന്ന് പ്രാഥമിക നിഗമനം, കര്‍ഷകര്‍ക്ക് തിരിച്ചടി

By Web TeamFirst Published Dec 5, 2021, 4:55 PM IST
Highlights

വിൽപ്പനയ്ക്ക് പാകമായ 70 ദിവസം കഴിഞ്ഞ താറാവുകൾക്കാണ് ഏറെയും രോഗബാധ. എന്നാൽ മുട്ടത്താറാവുകളിൽ രോഗബാധയില്ല. കൊക്ക് അടക്കമുള്ള പക്ഷികളും മീനുകളും ചത്തതും അജ്ഞാത രോഗത്തെ കുറിച്ചുള്ള ആശങ്ക കൂട്ടുന്നു. 

കോട്ടയം: വൈക്കം (Vaikom) വെച്ചൂരിൽ താറാവുകൾ (ducks) കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്കയാകുന്നു. വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളർത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകൾ ചത്തെന്നാണ് കർഷകർ പറയുന്നത്. കണ്ണുകൾ നീലിച്ച് താറാവുകൾ അവശനിലയിലാകുകയാണ്. വിൽപ്പനയ്ക്ക് പാകമായ 70 ദിവസം കഴിഞ്ഞ താറാവുകൾക്കാണ് ഏറെയും രോഗബാധ. എന്നാൽ മുട്ടത്താറാവുകളിൽ രോഗബാധയില്ല. കൊക്ക് അടക്കമുള്ള പക്ഷികളും മീനുകളും ചത്തതും അജ്ഞാത രോഗത്തെ കുറിച്ചുള്ള ആശങ്ക കൂട്ടുന്നു. 

ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി വളർത്തിയ താറാവുകൾക്കുള്ള രോഗബാധ കർഷകർക്ക് വലിയ തിരിച്ചടിയാണ്. എന്നാൽ പക്ഷിപനി അല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ജലത്തിൽ കലർന്ന രാസമാലിന്യങ്ങളിൽ നിന്നുള്ള ബാക്ടീരിയ ബാധയാണ് സംശയിക്കുന്നത്. സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്ക് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. വെച്ചൂർ മേഖലയിൽ 30 ഓളം കർഷകർക്കായി പതിനായിരത്തോളം താറാവുകളുണ്ട്. ക്രിസ്തുമസിന് മികച്ച വിൽപന കിട്ടുമെന്ന ഈ കർഷകരുടെ പ്രതീക്ഷയാണ് നശിച്ചിരിക്കുന്നത്.

click me!